kannur local

അയ്യന്‍കുന്നില്‍ വീണ്ടും കാട്ടാന വിളയാട്ടം; വന്‍ കൃഷിനാശം

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം തുടിമരത്ത് നാശം വരുത്തിയ ആനക്കൂട്ടം കഴിഞ്ഞ രാത്രി പുല്ലമ്പാറതട്ടിലും കഷിനാശം വരുത്തി. തെക്കേടത്ത് റെജി, ഭാര്യ ബിന്‍സി എന്നിവരുടെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം 125ഓളം വാഴകളും 28 കശുമാവും 10 സെന്റ് സ്ഥലത്തെ പച്ചക്കറികൃഷിയും പൂര്‍ണമായും നശിപ്പിച്ചു.
വനം വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനായിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതോടെ ആനക്കൂട്ടം ജനവാസ മേഖലയില്‍ തന്നെ താവളമടിച്ചിരിക്കുകയാണ്. ആറളം വനമേഖലയോടും കുടക് ബ്രഹ്്മഗിരി വന്യജീവി സങ്കേതത്തോടും അതിരിടുന്ന പ്രദേശമാണിത്. വനാതിര്‍ത്തിയില്‍ കാട്ടാന പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നുമില്ല. വനമേഖലയോടു ചേര്‍ന്ന് കുന്നിറങ്ങിയെത്തുന്ന ആനക്കൂട്ടം പുലര്‍ച്ചെയോടെ കാടുകളിലേക്ക് മറയുന്നതിനാല്‍ കര്‍ഷകര്‍ നിസ്സഹയരാവുകയാണ്.
ആനക്കൂട്ടം ജനവാസ മേഖലയില്‍ താവളമാക്കിയിരിക്കുന്നത് കര്‍ഷകരില്‍ വന്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേഖലയില്‍ പലരും സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവര്‍ക്കാണു വന്‍ നഷ്ടം ഉണ്ടാവുന്നത്. ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ പ്രവേശിക്കാതിരിക്കാനുള്ള ഫലപ്രദമായി നടപടികള്‍ ഒന്നും ഉണ്ടാവുന്നുമില്ല.
Next Story

RELATED STORIES

Share it