wayanad local

അമ്മാനിയില്‍ വീണ്ടും കാട്ടാനശല്യം: വീട് തകര്‍ത്തു; പ്രദേശവാസികള്‍ വനപാലകരെ തടഞ്ഞു

പനമരം: അമ്മാനിയില്‍ കാട്ടാനശല്യം രൂക്ഷം. ഒരു മാസത്തിനുളളില്‍ രണ്ടു വീടുകള്‍ തകര്‍ത്തു. ക്ഷുഭിതരായ ജനങ്ങള്‍ റേഞ്ചര്‍ ഓഫിസറടക്കമുള്ളവരെ തടഞ്ഞുവച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുളിക്കല്‍ സെല്‍വരാജിന്റെ വീട്ടുമുറ്റത്ത് ഒറ്റയാനെത്തിയത്. ഇയാള്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ആന വീടിന്റെ പുറകുവശത്തേക്ക് നീങ്ങുകയും അടുക്കള പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു.
ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ബേബി എന്ന ആളുടെ വീട് കാട്ടാന ഭാഗികമായി തകര്‍ത്തിരുന്നു. വനത്തിനടുത്താണ് ഇവരുടെ വീടുകള്‍. 200 മീറ്റര്‍ മാത്രമാണ് വ്യത്യാസം. ട്രഞ്ചുകളുണ്ടെങ്കിലും ഇതു മണ്ണിട്ട് നികത്തിയാണ് ആനകള്‍ പുറത്തിറങ്ങുന്നതെന്നു പ്രദേശവാസിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വാസു അമ്മാനി പറഞ്ഞു. വൈകീട്ട് ആറു കഴിഞ്ഞാല്‍ വന്യമൃഗശല്യം രൂക്ഷമാണ്. ഇരുട്ടിയാല്‍ ആരും പുറത്തിറങ്ങാറില്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം നല്‍കി തടിയൂരുന്ന പ്രവണതയാണ് ഉണ്ടാവുന്നത്. ശാശ്വത പരിഹാരമാണ് പ്രദേശവാസികള്‍ക്ക് ആവശ്യം. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രഞ്ജിത്ത്, താരണാത് സുരേന്ദ്രന്‍ എന്നിവരെയാണ് നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചത്. ഒരു മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കാമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
Next Story

RELATED STORIES

Share it