Flash News

അമ്പലംവിഴുങ്ങികളെ നേരിടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍



തിരുവനന്തപുരം: ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന മുറവിളിക്കു പിന്നില്‍ ചില താല്‍പര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. അമ്പലംവിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിനു വിട്ടുവീഴ്ചയില്ലെന്നും ഓഫിസ് വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ലെന്ന നിലയില്‍ പ്രചാരണം നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയും  അഴിമതിയിലൂടെ സമ്പത്ത് കുന്നുകൂട്ടാന്‍ സ്ഥാപിതതാല്‍പര്യക്കാര്‍ക്ക് അവസരമുണ്ടാക്കുകയുമാണ് ചിലരുടെ ലക്ഷ്യം. ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാരല്ല, ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്ര നടത്തിപ്പ് സമിതി അഴിമതി നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. അങ്ങനെ പരാതി വന്നാല്‍ ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാന്‍ നിയമമുണ്ട്. കഴിഞ്ഞ 21നു പോലിസ് സഹായത്തോടെ ദേവസ്വം ജീവനക്കാര്‍ കോടതിവിധി നടപ്പാക്കാനായി ചെന്നെങ്കിലും ആര്‍എസ്എസ് തടസ്സം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പോലിസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സമാധാനപൂര്‍ണമായ രീതിയില്‍ നടപ്പാക്കിയതിനെയാണ് ക്ഷേത്രം പിടിച്ചെടുക്കലായി വ്യാഖ്യാനിക്കുന്നത്. അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലംവിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it