Flash News

അമിത ജോലിഭാരം ; ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്‌



കൊച്ചി: അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ സമരം തുടങ്ങുന്നു. ഇന്ന് നിരാഹാരസത്യഗ്രഹവും വിഷയത്തില്‍ തീരുമാനമുണ്ടാവുന്നില്ലെങ്കില്‍ നാളെമുതല്‍ നിസ്സഹകരണസമരവും ആരംഭിക്കാനാണു തീരുമാനമെന്ന് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ദക്ഷിണമേഖല പ്രസിഡന്റ് ജെ വേണുഗോപാല്‍ തേജസിനോട് പറഞ്ഞു. ഇന്നു മുതല്‍ നിസ്സഹകരണസമരം തുടങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനപ്രകാരമാണ് ഒരുദിവസം കൂടി നീട്ടിവച്ചിരിക്കുന്നത്. ഇന്നും പ്രശ്‌നത്തിനു പരിഹാരമാവുന്നില്ലെങ്കില്‍ നാളെമുതല്‍ നിസ്സഹകരണസമരം ആരംഭിക്കും. ഇത് പാസഞ്ചര്‍, എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകളെ ബാധിക്കും. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെ ലോക്കോ പൈലറ്റുമാരുടെ ക്ഷാമംമൂലം നട്ടംതിരിയുകയാണ് റെയില്‍വേയും ജീവനക്കാരും. ലോക്കോ പൈലറ്റുമാരുടെ നടുവൊടിക്കുന്ന റെയില്‍വേ ഭരണകൂടം റണ്ണിങ് മേഖലയില്‍ പിന്നെയും ആളെ കുറച്ചുകൊണ്ട് വിശ്രമം നിഷേധിക്കുന്ന വിധത്തില്‍ സതേണ്‍ റെയില്‍വേ ആസ്ഥാനത്ത് നിന്നും ഏകപക്ഷീയമായി ക്രൂലിങ്ക് (എന്‍ജിന്‍ ക്രൂവിന്റെ ജോലിക്രമം) നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ലോക്കോ പൈലറ്റുമാരുടെ സമരം. തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടികളുടെ എണ്ണം കൂടുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നും ജെ വേണു പറഞ്ഞു. റെയില്‍വേ ഹൈപവര്‍ കമ്മിറ്റി റിപോര്‍ട്ടിലെ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തിയാണ് സതേണ്‍ റെയില്‍വേ ആസ്ഥാനത്തു നിന്ന് ചീഫ് ഓപറേഷന്‍സ് മാനേജര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കാലാകാലങ്ങളായി പ്രമോഷന്‍ നല്‍കാത്തതുമൂലം ഗുഡ്‌സ് ലോക്കോ പൈലറ്റു മാരാണ് പാസഞ്ചറുകളും, എക്‌സ്പ്രസുകളില്‍ പലതും ഓടിക്കുന്നത്. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഇവര്‍ ഈ ജോലിയില്‍ നിന്നു നാളെ വിട്ടുനില്‍ക്കുന്നതോടെ പാസഞ്ചര്‍, എക്‌സ്പ്രസ് സര്‍വീസുകള്‍ തടസ്സപ്പെടാനും പ്രതിസന്ധിയിലാവാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it