അമിത് ഷായുടെ പ്രസ്താവന ജനാധിപത്യവിരുദ്ധം: സിപിഎം

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെ താഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ വീഴ്ത്തുമെന്ന അമിത് ഷായുടെ ഭീഷണി അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നിലപാടിന്റെ പ്രതിഫലനമാണെന്നും പിബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ വെല്ലുവിളിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധി നടപ്പാക്കുന്നത് തടയണമെന്നാണ് അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ശബരിമലയിലെ സ്ത്രീപ്രവേശനം തടയാന്‍ കേരളത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ആരുടെ കരങ്ങളാണെന്ന വെളിപ്പെടുത്തല്‍ കൂടിയാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ നടത്തിയിട്ടുള്ളത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം പോലെ അത്യന്തം അപലപനീയമായ സംഭവങ്ങള്‍ക്കു പ്രോല്‍സാഹനമേകുന്നത് ഇത്തരത്തിലുള്ള പ്രസ്താവനകളാണ്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പരസ്യമായി സുപ്രിംകോടതി വിധിയെ അധിക്ഷേപിച്ചത് ഭരണഘടനയോടും സുപ്രിംകോടതിയോടും ആര്‍എസ്എസും ബിജെപിയും പുലര്‍ത്തുന്ന അവജ്ഞാമനോഭാവത്തിന്റെ തെളിവാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രതിലോമകരവും വിനാശകരവുമായ രാഷ്ട്രീയത്തെ കേരളജനത തള്ളിക്കളയും. ബിജെപിയുടെ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും സവര്‍ണമേല്‍ക്കോയ്മയും സിപിഎം രാജ്യവ്യാപകമായി തുറന്നുകാണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ചവരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പോളിറ്റ്ബ്യൂറോ അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it