Kottayam Local

അമിതവേഗത: ശബരിമല പാതകള്‍ ചോരക്കളമാവുന്നു

എരുമേലി: ഇന്നലെ കണ്ണിമലയില്‍ വയോധിക റോഡില്‍ മിനി ബസ്സിടിച്ച്് ദാരുണമായി കൊല്ലപ്പെട്ടതുള്‍പ്പടെ ശബരിമല പാതകളില്‍ ദിനംപ്രതി അപകടങ്ങള്‍ പെരുകുന്നു. കണ്ണിമലയില്‍ ഇന്ന് ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷം നിറയേണ്ട വീട്ടിലാണ് വേര്‍പാടിന്റെ വിലാപമുയര്‍ന്നിരിക്കുന്നത്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടങ്ങളുടെയെല്ലാം പിന്നില്‍.  റോഡില്‍ പോലിസും സേഫ് സോണ്‍ വിഭാഗവും രാത്രിയും പകലും ഉണ്ടെങ്കിലും അമിതവേഗക്കാര്‍ക്കെതിരേ നടപടി എടുക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വലിയ ഭീതിയോടെയാണ് നാട്ടുകാര്‍ റോഡ് കുറുകെ കടക്കുന്നത്. കണ്ണിമലയില്‍ റോഡ് കുറുകെ കടക്കുമ്പോഴാണ് പാഞ്ഞുവന്ന തീര്‍ത്ഥാടക വാഹനം വയോധികയെ ഇടിച്ചിട്ടത്. മിനി ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി ദാരുണമായാണ് കണ്ണിമല പുത്തന്‍പുരയ്ക്കല്‍ ഏലിയാമ്മ (87) കൊല്ലപ്പെട്ടത്. കണ്ണിമല റോഡ് ദേശീയ പാതയാണെങ്കിലും വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ ഉയരമുള്ള കട്ടിങ് അപകട സാധ്യത നിറയ്ക്കുകയാണ്. മനപൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പിലൊതുങ്ങുന്ന കേസല്ലാതെ ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകുന്നില്ല. റോഡില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടതെന്ന് നാട്ടുകാര്‍ സുചിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി  ആദ്യം അമിതവേഗതയില്‍ പായുന്നവരെ തടയണം. അയ്യപ്പഭക്തരുമായി വീണ്ടും ട്രിപ്പെടുക്കാന്‍ ടാക്‌സികള്‍ പായുന്ന കാഴ്ചയാണ് ഇപ്പോള്‍ എരുമേലി പമ്പ റോഡിലുട നീളം കാണാനാവുന്നത്. മറുവശം കാണാനാവാത്ത കൊടുംവളവുകളില്‍ ഓവര്‍ടേക്കിങ് സാഹസികമായി നടത്തുന്ന ഡ്രൈവിങ് പ്രവണതയും വര്‍ധിച്ചിരിക്കുകയാണ്. പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കണ്‍മുമ്പില്‍ ദിവസവും ഇത്തരം കാഴ്ചകള്‍  പതിയുന്നുണ്ടെങ്കിലും നടപടികളൊന്നുമില്ലെന്ന പരാതി ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it