palakkad local

അമിതഭാരം : വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്ര: നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം



ആലത്തൂര്‍: അമിതഭാരം കയറ്റി ടിപ്പര്‍ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്ര തുടരുമ്പോഴും പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ടിപ്പര്‍ ലോറികളില്‍ കരിങ്കല്ല് കയറ്റി പോവുമ്പോള്‍ പരിധിയില്‍ കൂടുതല്‍ ലോഡ് കയറ്റാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് ടിപ്പര്‍ വാഹനങ്ങളുടെ വേഗപ്പാച്ചില്‍. മണലോ എംസാന്‍ഡോ കൊണ്ടുപോവുമ്പോള്‍ പൊടിപറക്കാതിരിക്കാന്‍ ടാര്‍പായ കൊണ്ട് മറയ്ക്കണമെന്ന നിബന്ധനയും ഇവര്‍ പാലിക്കുന്നില്ല. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ടിപ്പര്‍ ലോറികള്‍ കടന്നുപോവാറുണ്ട്. എന്നാല്‍ പോലിസ് കൃത്യമായി പരിശോധിക്കുന്നില്ലെന്നാണ് വസ്തുത. എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ മാത്രമാണ് പോലിസും അധികൃതരും ജാഗരൂകരാവുന്നത്. ഭാരവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്ര മൂലം ആലത്തൂര്‍  കുത്തന്നൂര്‍, കാവശ്ശേരി പരയ്ക്കാട്ടുകാവ് പത്തനാപുരം, തോണിക്കടവ് പാറയ്ക്കല്‍പ്പറമ്പ്എന്നീ റോഡുകള്‍ തകര്‍ന്നു. റോഡുകളില്‍ പലയിടത്തും ടാറിങ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.അമിത ഭാരം കയറ്റിയ ടോറസ് ലോറികളുടെ നിയന്ത്രണമില്ലാത്ത മരണപാച്ചില്‍ മൂലം റോഡുകളില്‍ പലഭാഗങ്ങളും പൊളിഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഈ റോഡുകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സമാവുന്ന രീതിയിലാണ്.  ഭാരവാഹങ്ങളുടെ അനിയന്ത്രിതമായ സഞ്ചാരം മൂലം നേരത്തേ വെങ്ങന്നൂര്‍ പുഴപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുഭാഗവും കരിങ്കല്‍ ഭിത്തിയും ഇടിഞ്ഞിരുന്നു.കൂടാതെ പത്തനാപുരം പാലം അപകടാവസ്ഥയിലായിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭാരവാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം നടത്തിയതിനാല്‍ കുറച്ചു കാലത്തേക്ക് ഭാരവാഹങ്ങള്‍ ഇതുവഴി സഞ്ചരിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധം ഉയരുമ്പോള്‍ സ്വകാര്യ ക്വാറി ഉടമകള്‍ കുഴികളില്‍ ക്വാറി വേസ്റ്റിട്ട് താല്‍ക്കാലികമായി കുഴി അടയ്ക്കുകയാണ് ചെയ്യുന്നത്. അമിത ഭാരം കയറ്റിയ ടിപ്പറുകള്‍ തകര്‍ന്ന റോഡുകളിലൂടെ പോകുമ്പോള്‍ കാല്‍ നടയാത്രക്കാര്‍ക്കും ഭയമാണ്. കരിങ്കല്ല് പുറത്തേക്ക് വീഴുന്ന തരത്തിലാണ് തള്ളി നില്‍ക്കുന്നത്.
Next Story

RELATED STORIES

Share it