Flash News

അഭിപ്രായ വോട്ടെടുപ്പ് ഫലംരാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി വീഴും

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. എബിപി-സിഎസ്ഡിഎസ്-ന്യൂസ് 18 സര്‍വേ ഫലമാണ് കോണ്‍ഗ്രസ്സിന് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിനു ലഭിക്കുക. ഭരണകക്ഷിയായ ബിജെപിക്ക് 34 ശതമാനം വോട്ട് മാത്രമാണു പ്രവചിക്കപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ വോട്ട് വിഹിതമാണ് ഇരു പാര്‍ട്ടികള്‍ക്കും ലഭിക്കുക.
രാജസ്ഥാനിലും കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് 44 ശതമാനം വോട്ടും ബിജെപിക്ക് 39 ശതമാനം വോട്ടുമാണു ലഭിക്കുക. സംസ്ഥാനത്ത് ഈ വര്‍ഷമാദ്യം നടന്ന ആറു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തിലും രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സായിരുന്നു ജയിച്ചത്. ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാജിവച്ചിരുന്നു.
മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാനും രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുമാണു ഭരിക്കുന്നത്. മധ്യപ്രദേശി ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാനുള്ള സാധ്യത തേടുകയാണ് കോണ്‍ഗ്രസ്.
Next Story

RELATED STORIES

Share it