അഭിനന്ദ് അപേക്ഷിക്കുന്നു; എന്റമ്മയേയും വെട്ടിനുറുക്കരുതേ..

കെ പി റയീസ്

വടകര: അച്ഛന്റെ ഓര്‍മകള്‍ നിങ്ങളെനിക്ക് രക്തപങ്കിലമാക്കി. അമ്മയെയും നിങ്ങള്‍ വെട്ടിനുറുക്കരുതേ...!! പറയുന്നത് അഭിനന്ദ്. ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകന്‍.രമയ്ക്കു നേരെ കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന കൈയേറ്റത്തിന്റെയും കൊലവിളിയുടെയും പാശ്ചാത്തലത്തിലാണ് സിപിഎമ്മിനോടുള്ള അഭിനന്ദിന്റെ അപേക്ഷ. എന്റെ പതിനേഴാം വയസ്സിലാണ് നിങ്ങളെന്റെ അച്ഛനെ വെട്ടിനുറുക്കിയത്. അതെന്തിനായിരുന്നുവെന്ന് ഞാന്‍ ചോദിക്കുന്നില്ല. അച്ഛന്‍ സാധാരണക്കാരനായ ഒരു പ്രവര്‍ത്തകനായിരുന്നു. വീട്ടില്‍ അച്ഛന്റെ ചര്‍ച്ചകളില്‍ ഞാന്‍ എന്നും കേട്ടത് മനുഷ്യരുടെ കഷ്ടപ്പാടിന്റെയും പോരാട്ടങ്ങളുടെയും വിവരങ്ങളായിരുന്നു. അകാലത്തില്‍ അച്ഛന്‍ അവസാനിപ്പിച്ചു പോയതെല്ലാം മുഴുമിപ്പിക്കാനാണ് അമ്മ അച്ഛന്റെ പാതയിലേക്കിറങ്ങിയത്. എന്നാല്‍, നിങ്ങളിപ്പോള്‍ അമ്മയെയും പെരുവഴിയില്‍ തടഞ്ഞ് കൊലവിളി നടത്തുന്നു. നിങ്ങളുടെ ഭീഷണിക്കു മുമ്പില്‍ അമ്മ പേടിച്ചിരിക്കാനിടയില്ല. അമ്മ അച്ഛന്റെ ഭാര്യയായിരുന്നല്ലോ. പക്ഷേ, അമ്മ തളര്‍ന്നിട്ടുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്ത് ആരോടും പങ്കുവയ്ക്കാനാവാത്ത വേവലാതി അമ്മയ്ക്കുണ്ടായിരിക്കാം. ആശുപത്രിയില്‍ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മ പറഞ്ഞത് “ഇതൊരു വിഷയമാക്കരുത്, കലാശക്കൊട്ടിന്റെ ദിവസമാണ്, നമ്മള്‍ സംയമനത്തോടെ ഇരിക്കണം എന്നാണ്’. മരിക്കുന്നതിനു മുമ്പുള്ള അച്ഛന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചതെല്ലാം ഇതുതന്നെയായിരുന്നു. അച്ഛന്‍ നടത്തിയത് ശരിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ട ശേഷം ഞങ്ങളെ കാണാന്‍ വന്ന ജനം, അച്ഛന്‍ എത്രമാത്രം വലുതായിരുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അച്ഛനെക്കുറിച്ച് ഞാനിതേവരെ ഇങ്ങനെ എഴുതിയിട്ടില്ല. എനിക്ക് കണ്ണ് നിറഞ്ഞൊന്ന് കാണാന്‍ പോലും കഴിയാത്ത രൂപത്തില്‍ എന്റെ അച്ഛന്റെ മുഖം നുറുങ്ങിപ്പോയ ശേഷമുള്ള ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്ന മാനസികാവസ്ഥയെ കുറിച്ച് ഞാനിതുവരെ ഒന്നും പങ്കുവച്ചിട്ടുമില്ല. ഇതും ഞാനാഗ്രഹിച്ചതല്ല, എനിക്ക് പറയേണ്ടിവന്നതാണ്. അച്ഛനെ വെട്ടിയതിനെക്കാള്‍ കൂടുതല്‍ വെട്ടുകള്‍ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ.....?ഞാനെന്താണ് നിങ്ങളോടു ചെയ്ത തെറ്റ്...?എന്തായിരുന്നു എന്റെ അച്ഛന്‍ ചെയ്ത കുറ്റം..? ഒരു പ്രസ്ഥാനത്തിന് തെറ്റുപറ്റുന്നു എന്നു പറയുന്നത് ഇങ്ങനെ വെട്ടിനുറുക്കാന്‍ മാത്രം വലിയ തെറ്റായിരുന്നോ..? അച്ഛനുണ്ടാക്കിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോടു തീര്‍ക്കുന്നത്...? ചിരിച്ചു കൊണ്ടല്ലാതെ അമ്മ എപ്പോഴെങ്കിലും നിങ്ങളോടാരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ...? എന്റച്ഛനെ കൊന്നതിന് പകയില്‍ അമ്മ എപ്പോഴെങ്കിലും നിങ്ങളോടു കയര്‍ത്തിട്ടുണ്ടോ...? എനിക്കുവേണ്ടിയെങ്കിലും അമ്മയെ വെറുതെവിട്ടു കൂടെ....? എനിക്കമ്മയേയുള്ളു. എന്റച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം, കൊന്നുകളയരുത്- പ്രസിദ്ധീകരണത്തിനായി നല്‍കിയ കുറിപ്പില്‍ അഭിനന്ദ് അപേക്ഷിക്കുന്നു.
Next Story

RELATED STORIES

Share it