Flash News

അബ്രാഹ്മണരായ ശാന്തിക്കാരെ മഹാക്ഷേത്രങ്ങളില്‍ നിയമിക്കണം : യുവകലാസാഹിതി



തൃശൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ പിന്നാക്ക പട്ടികജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാന്‍ തീരുമാനിച്ച കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മഹാക്ഷേത്രങ്ങളില്‍ തന്നെ പുതിയ അബ്രാഹ്മണ പൂജാരിമാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ ബോര്‍ഡ് കൈക്കൊള്ളണമെന്ന് യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. “ക്ഷേത്ര പൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതി നടത്തി വരുന്ന സമരങ്ങളുടെ സാധൂകരണം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ബ്രാഹ്മണമേധാവിത്വം കുത്തകാവകാശമാക്കി വച്ചിരിക്കുന്ന പൗരോഹിത്യജോലിയില്‍ ആദ്യമായി പിന്നാക്ക പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാക്കള്‍ നിയമിക്കപ്പെടുക എന്ന വിപ്ലവകരമായ നടപടിയാണ് ഈ തീരുമാനം. ഇത് ദൂരവ്യാപകമായ സദ്ഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന തുല്യനീതി ഇതുവഴി പ്രാവര്‍ത്തികമാവുകയാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സവര്‍ണ വര്‍ഗീയവാദികള്‍ അബ്രാഹ്മണ പൂജാരി നിയമനത്തെ എതിര്‍ത്തിരുന്നു. അത്തരം നികൃഷ്ടശക്തികളെ നേരിടാന്‍ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it