Editorial

അഫ്‌റാസുലിന്റെ ഘാതകനെ പിന്തുണയ്ക്കാനും ആളുണ്ട്‌

തൊഴിലിനു വേണ്ടി പശ്ചിമബംഗാളില്‍ നിന്നു കുടിയേറിയ ഒരു മധ്യവയസ്‌കനെ രാജസ്ഥാനിലെ ഉദയ്പൂരിന് സമീപം വെട്ടിവീഴ്ത്തിയശേഷം ചുട്ടുകൊല്ലുകയും അതു ചിത്രീകരിക്കുകയും ചെയ്ത നിഷ്ഠുര കൊലയാളിയെ പിന്തുണയ്ക്കാനും സഹായമെത്തിക്കാനും യാതൊരു ലജ്ജയുമില്ലാതെ ആളുകള്‍ തയ്യാറാവുന്നു. കൊലക്കേസ് വാദിക്കുന്നതിന് സഹായമായി ഏതാണ്ട് മൂന്നു ലക്ഷം രൂപ കൊലയാളിയായ ശംഭുലാല്‍ റൈഗറിന്റെ ഭാര്യ സീതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. ചൊവ്വാഴ്ച വരെ 516 പേരാണ് ശംഭുലാലിന് സാമ്പത്തിക പിന്തുണയുമായി ഐക്യദാര്‍ഢ്യമറിയിച്ചത്. മനുഷ്യത്വം ഇത്തിരിയെങ്കിലും മനസ്സില്‍ അവശേഷിക്കുന്ന ഒരാള്‍ക്കും ഈ ക്രൂര കുറ്റകൃത്യത്തെ പിന്തുണച്ച് ഒരു രൂപയാണെങ്കില്‍ പോലും നല്‍കാനാവില്ല.പോലിസ് നിര്‍ദേശമനുസരിച്ച് ചൊവ്വാഴ്ച സീതയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ഇനി മറ്റു മാര്‍ഗങ്ങളിലൂടെയാവും സഹായം പ്രവഹിക്കുക. അതിനു കണക്കുണ്ടാവില്ല. നിയമനടപടികള്‍ക്കു സഹായം തേടി കൊലയാളിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന വന്നിരുന്നു. കൊലയാളിക്ക് സാമ്പത്തികസഹായം നല്‍കിയവരെ കുറ്റകൃത്യത്തില്‍ പങ്കാളികളാക്കി കേസെടുക്കുമെന്ന് പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. റൈഗറിന്റെ കുടുംബത്തിന് പണം നല്‍കിയതിന്റെ രശീതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ടു വ്യാപാരികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രാജസ്ഥാനില്‍ കഴിഞ്ഞ ഒമ്പതു മാസത്തിനകം വിദ്വേഷം അടിസ്ഥാനമാക്കിയുള്ള നാലാമത്തെ കൊലപാതകമാണിത്. മറ്റു മൂന്ന് കൊലക്കേസുകളുടെ ഗതിയില്‍ നിന്നു വ്യത്യസ്തമായ പരിണതി ഈ കേസിന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഡിസംബര്‍ ആറിനാണ് ശംഭുലാല്‍ അഫ്‌റാസുലിനെ മര്‍ദിക്കുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് തീക്കൊളുത്തുകയും ചെയ്തത്. തുടര്‍ന്ന് ലൗ ജിഹാദിന്റെ പേരിലാണ് താനിത് ചെയ്യുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ലൗ ജിഹാദ് എന്നു കുറ്റപ്പെടുത്താവുന്ന ഒന്നും ഇക്കാര്യത്തിലില്ലെന്നും ക്രൂരമായ നരഹത്യക്ക് അതൊരു പുകമറ മാത്രമായിരുന്നുവെന്നും അധികം വൈകാതെ വ്യക്തമായി. നമ്മുടെ മതേതര സങ്കല്‍പങ്ങള്‍ക്കും ബഹുസ്വരതയ്ക്കും നേരെയുള്ള ഏറ്റവും ശക്തമായ വെല്ലുവിളിയാണ് അഫ്‌റാസുലിന്റെ വധം. ബിജെപി നേതാക്കളടങ്ങുന്ന സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ ശംഭുലാലിനെ ന്യായീകരിക്കുന്നതിന് മല്‍സരിക്കുകയാണ്. കേരളത്തില്‍ വരെ അഭിഭാഷകവേഷമുള്ള ഒരാള്‍, വധം ഒരു മുന്നറിയിപ്പാണെന്ന മട്ടില്‍ അതിനെ പിന്തുണച്ചിരുന്നു. രണ്ടു ദശകത്തിലേറെയായി ജീവിതായോധനത്തിനായി സ്വദേശമായ മാള്‍ഡ വിട്ട് കഴിയുന്ന അഫ്‌റാസുല്‍ ഒരു പ്രതീകം മാത്രമാണ്. റൈഗറിന്റെ ഇര അഫ്‌റാസുല്‍ അല്ലെങ്കില്‍ മുമ്പില്‍പ്പെടുന്ന മറ്റാരുമാവാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതീകമായി ശംഭുലാലിനെ മാറ്റിയത് അയാള്‍ കേട്ട വിദ്വേഷപ്രസംഗങ്ങളും കണ്ട തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും വിശ്വാസമര്‍പ്പിച്ച നേതാക്കളുമാണ്.
Next Story

RELATED STORIES

Share it