അഫ്‌റാസുലിനെ ചുട്ടുകൊന്ന ശംഭുലാലിന് ഹിന്ദുത്വരുടെ ആദരം

ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റാസുലിനെ വെട്ടിയ ശേഷം ചുട്ടുകൊന്ന ശംഭുലാലിനെ പരസ്യമായി ആദരിച്ച് സംഘപരിവാരം. ജോധ്പൂരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ രാമനവമി ആഘോഷത്തില്‍ ഒരുക്കിയ ടാബ്ലോയിലൂടെയാണ് ശംഭുലാലിനെ പ്രതീകവല്‍ക്കരിച്ച് സംഘപരിവാരം കൊലപാതകം ന്യായീകരിച്ചത്.
കൈയില്‍ മഴുവേന്തിയ ശംഭുലാലിനെ സിംഹാസനത്തി ല്‍ ഇരുത്തിയാണ് ടാബ്ലോയില്‍ അവതരിപ്പിച്ചത്. 'ഹിന്ദുസഹോദരങ്ങളേ ഉണരൂ, നമ്മുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കൂ, രാജ്യം ലൗ ജിഹാദ് മുക്തമാക്കൂ' എന്നെഴുതിയ ബോര്‍ഡുകളും ടാബ്ലോയിലുണ്ടായിരുന്നു. ജോധ്പൂരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരേ പ്രചാരണം നടത്താനാണ് ശംഭുലാലിനെ പ്രതീകവല്‍ക്കരിച്ച് ടാബ്ലോ അവതരിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ശംഭുലാല്‍ ചെയ്തതു ശരിയാണെന്നും കേസില്‍ നീതി ലഭിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഡിസംബറിലാണ് മുഹമ്മദ് അഫ്‌റാസുലിനെ ജോലിയാവശ്യത്തിന് വിളിച്ചുവരുത്തി ശംഭുലാല്‍ കൊലപ്പെടുത്തിയത്. പിറകില്‍ നിന്നു മഴുകൊണ്ട് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ കൊലപാതകദൃശ്യം തന്റെ മരുമകനെ ഉപയോഗിച്ച് ചിത്രീകരിച്ച് ഇയാള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. തടവിലായ ശംഭുലാല്‍ അവിടെ നിന്നു മുസ്‌ലിംവിരുദ്ധ പരാമര്‍ശം ലൈവ് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും വിവാദമായി. ജയിലിലായ ശംഭുലാലിന്റെ കുടുംബത്തിന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു സാമ്പത്തികസഹായം നല്‍കിയിരുന്നതും വാര്‍ത്തയായിരുന്നു.
Next Story

RELATED STORIES

Share it