wayanad local

അപകടക്കെണിയൊരുക്കി പാല്‍ച്ചുരം റോഡ്; സുരക്ഷയൊരുക്കാന്‍ നടപടിയില്ല

മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് എളുപ്പം കണ്ണൂര്‍ ജില്ലയുമായി ബന്ധപ്പെടാന്‍ കഴിയുന്ന പാല്‍ച്ചുരം-കൊട്ടിയൂര്‍ റോഡില്‍ നിരന്തരം അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. തികച്ചും അശാസ്ത്രീമായി നിര്‍മിച്ച റോഡില്‍ വേണ്ടത്ര സൂചനാ ബോര്‍ഡുകളോ സുരക്ഷാ മതിലുകളോ സ്ഥാപിച്ചിട്ടില്ല. കേളകം, കൊട്ടിയൂര്‍ ഭാഗങ്ങളില്‍ നിന്നു ദിവസവും 200ഓളം ടിപ്പറുകള്‍ ചെങ്കല്ല് കയറ്റി ചുരം കയറിയിറങ്ങുന്നുണ്ട്.
ഇതിനു പുറമെ ഇരിട്ടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സും നിരവധി ട്രിപ്പുകള്‍ നടത്തുന്നു. രണ്ടു വാഹനങ്ങള്‍ കടന്നുപോവാന്‍ കഴിയാത്ത വിധം വീതി കുറഞ്ഞ ഭാഗങ്ങളാണ് റോഡില്‍ പലയിടത്തും. ചുരത്തില്‍ നാല് ഹെയര്‍പിന്‍ വളവുകളാണുള്ളതെങ്കിലും കുത്തനെയുള്ള ഇറക്കത്തിലാണ് പലപ്പോഴും വാഹനഹങ്ങള്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുന്നത്. ഈ ഭാഗങ്ങളില്‍ സുരക്ഷാ മതിലുകള്‍ നിര്‍മിക്കണമെന്ന പ്രധാന ആവശ്യം പരിഗണിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് മംഗലാപുരം സ്വദേശി മരിച്ചു. നേരത്തെ, പോത്തുകളെ കയറ്റി വന്ന ലോറി മറിഞ്ഞ് 20 പോത്തുകളാണ് ചത്തത്.
കൊക്കയിലേക്ക് വീണുകഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം. ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ കാര്‍യാത്രക്കാരെ മൂന്നു കിലോമീറ്ററോളം ചുമന്നാണ് വാഹനത്തിനടുത്തെത്തിച്ചത്. ചുരത്തില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സ് സംഘമെത്തുന്നത് മാനന്തവാടി, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നാണ്. ഫയര്‍ഫോഴ്‌സ് എത്താന്‍ താമസം നേരിടുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നു.
Next Story

RELATED STORIES

Share it