kasaragod local

അപകടം ശരീരം തളര്‍ത്തിയെങ്കിലും മനസ്സ് തളരാതെ ഉല്ലാസ്‌

വെള്ളരിക്കുണ്ട്: അപകടം ശരീരത്തെ തളര്‍ത്തിയെങ്കിലും മനസ്സ് തളരാതെ സ്വയംതൊഴില്‍ സംരംഭവവുമായി കൂരാംകുണ്ടിലെ വലിയവളപ്പില്‍ വി വി ഉല്ലാസ്. വിധി ക്രൂരമായി വേട്ടയാടിയെങ്കിലും തന്റെ കഴിവ് കൊണ്ട് അതിജീവിക്കുകയാണ് ഈ മുപ്പത്തഞ്ചുകാരന്‍. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന്  പിലാത്തറ ദേശീയപാതയില്‍ നിന്ന് പഴയങ്ങാടി ബൈപാസിലേക്ക് കടക്കുമ്പോള്‍ അതിവേഗതയില്‍ വന്ന ഇന്നോവ കാര്‍ ഇടിച്ചാണ്് അപകടം.  ഇടത് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ ഏക വരുമാനം കൊണ്ടായിരുന്നു ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. ജീവിതത്തില്‍ മുന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടുമ്പോഴാണ് മലയോര ടൗണുകളില്‍ ഏറെ ഡിമാന്റുള്ള എല്‍ഇഡി ബള്‍ബുകള്‍ കൊണ്ട് നിര്‍മിക്കുന്ന സ്റ്റാര്‍ ഉണ്ടാക്കണമെന്ന ആശയം മനസില്‍ ഉദിച്ചത്. അതിനു വേണ്ടിയുള്ള എല്‍ഇഡി ബള്‍ബ്, വയറ്, ഫൈബര്‍ ബെല്‍റ്റ് എന്നീ സാധനങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും കൊണ്ട് വന്ന് വീട്ടില്‍ വച്ച് നിര്‍മിക്കാന്‍ തുടങ്ങി. ക്രിസ്മസ് സീസണായതിനാല്‍ ഇപ്പോള്‍ എല്‍ഇഡി സ്റ്റാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 120 മുതല്‍ 1200 രൂപ വരെയുള്ള സ്റ്റാറുകളാണ് നിര്‍മിക്കുന്നത്. ഡക്കറേഷനുകാര്‍ക്ക് വേണ്ട എല്‍ഇഡി മാലകള്‍, എല്‍ഇഡി ബെല്‍റ്റുകളും എന്നിവയും ഓര്‍ഡര്‍ അനുസരിച്ച് നിര്‍മിക്കുന്നുണ്ട്.  ഭാര്യ സിന്ധുവും മക്കളായ അക്ഷയും അഭിരാമും ഉല്ലാസിന്റെ സഹായത്തിനുണ്ട്.
Next Story

RELATED STORIES

Share it