Flash News

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂരിന് 22.49 ശതമാനത്തിന്റെ വളര്‍ച്ച



കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളമടക്കം ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളെ പിറകിലാക്കി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കുതിപ്പ്. ഏപ്രില്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള ആറുമാസത്തില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 യാത്രക്കാരും ഉള്‍പ്പെടെ 16,02, 714 യാത്രക്കാരാണ്് കരിപ്പൂര്‍ വഴി യാത്രയായത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാംസ്ഥാനത്തും കേരളത്തില്‍ രണ്ടാംസ്ഥാനത്തുമെത്തിയാണ് കരിപ്പൂര്‍ വിമാനത്താവളം നേട്ടം കൈവരിച്ചത്. കൊച്ചിക്കാണ് ഒന്നാംസ്ഥാനം. കൊച്ചി, കരിപ്പൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 12 വിമാനത്താവളങ്ങളിലെ ആറുമാസത്തെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണമാണ് എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ടത്. ഇവയില്‍ എട്ടെണ്ണവും ദക്ഷിണേന്ത്യയിലാണ്. കരിപ്പൂരിനേക്കാള്‍ സൗകര്യവും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതുമായ തിരുവനന്തപുരം, കൊല്‍ക്കത്ത, അഹ്മദാബാദ്, ട്രിച്ചി, മംഗളൂരു വിമാനത്താവളങ്ങളാണ് യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂരിന് പിറകിലുള്ളത്. കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 22.49 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ ആദ്യ സാമ്പത്തിക വര്‍ഷം ഇത് 13,08,345 മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം 26,51,888 പേരാണ് കരിപ്പൂര്‍ വഴി പുറപ്പെട്ടത്. ഈ വര്‍ഷം 30 ലക്ഷം യാത്രക്കാര്‍ വരുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ആറുമാസത്തിനിടെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് പിറകെ ഏഴാംസ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യവും കൂടുതല്‍ സര്‍വീസുമുള്ള തിരുവനന്തപുരം എട്ടാംസ്ഥാനത്താണ്. കൊച്ചിയില്‍ നിന്ന് 26,88,266 അന്താരാഷ്ട്ര യാത്രക്കാരും തിരുവനന്തപുരത്തു നിന്ന് 12,54,020 യാത്രക്കാരുമാണു യാത്രയായത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ വന്നിറങ്ങിയത് ഡല്‍ഹിയിലാണ്. 81,23,020 പേരാണ് ഡല്‍ഹിയിലെത്തിയത്. മറ്റു വിമാനത്താവളങ്ങളില്‍ എത്തിയ അന്താരാഷ്ട്ര യാത്രക്കാരുടെ കണക്ക് ഇങ്ങനെ: മുംബൈ (65,47,368), ചെന്നൈ (27, 40,981), ബംഗളൂരു (18,65,637), ഹൈദരാബാദ് (18,18,953), കൊ ല്‍ക്കത്ത (12,38,025), അഹ്മദാബാദ് (8,68,778), ട്രിച്ചി (6,95,875), മംഗളൂരു (3,89,605).
Next Story

RELATED STORIES

Share it