അന്താരാഷ്ട്ര പായ്‌വഞ്ചിയോട്ട മല്‍സരം തുടങ്ങി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി ആതിഥ്യമരുളുന്ന എട്ടാമത് അഡ്മിറല്‍ കപ്പ് റിഗാറ്റെ പായ്‌വഞ്ചിയോട്ട മല്‍സരത്തിന് കവ്വായി കായലിലെ മരക്കാര്‍ വാട്ടര്‍മാന്‍ഷിപ്പ് ട്രെയിനിങ് സെന്ററില്‍ തുടക്കമായി. ആതിഥേയരായ ഇന്ത്യയെ കൂടാതെ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ബഹ്‌റയ്ന്‍, ബംഗ്ലാദേശ്, കാനഡ, ഈജിപ്ത്, ഫിജി, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനീസ്യ, ഇറാന്‍, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, മലേസ്യ, മാലദ്വീപ്, യുഎസ്, മൊറീഷസ്, മ്യാന്‍മര്‍, നൈജീരിയ, ഒമാന്‍, ഫിലിപ്പീന്‍സ്, പോളണ്ട്, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, ശ്രീലങ്ക, യുഎഇ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള 58 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ 23 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സിംഗപ്പൂരായിരുന്നു ജേതാക്കള്‍. ഒന്നാംദിവസമായ ഇന്നലെ റഷ്യന്‍ കാഡറ്റുകളായ പവേല്‍ സോക്കിന്‍, എലീസ കിറിലുക് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലായി ലീഡ് ചെയ്യുകയാണ്. ഇന്ത്യന്‍ നാവികസേനയിലെ പ്രവീണ്‍ ഭണ്ഡാര്‍ക്കര്‍ മൂന്നാംസ്ഥാനത്തും തുടരുന്നു. 2010 മുതലാണ് നാവിക അക്കാദമി അഡ്മിറല്‍ കപ്പിന് ആതിഥ്യമരുളുന്നത്. ഇതോടെ, ലോകത്തെ സേനാവിഭാഗങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ പായ്‌വഞ്ചിയോട്ട ചാംപ്യന്‍ഷിപ്പാവുകയാണ് അഡ്മിറല്‍ കപ്പ്. നാലു ദിവസങ്ങളിലായി 16 റേസുകളില്‍ ഓരോ രാജ്യത്തെയും രണ്ടു വീതം ടീമുകള്‍ പങ്കെടുക്കും. ഏറ്റവുമധികം പോയിന്റ് നേടുന്ന രാജ്യത്തിനാണു കപ്പ്. വ്യക്തിഗത മെഡലുകളും വിതരണം ചെയ്യും.
Next Story

RELATED STORIES

Share it