അനീബിന്റെ മോചനം: കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ടിങിനിടെ പോലിസ് അറസ്റ്റ് ചെയ്ത തേജസ് റിപോര്‍ട്ടര്‍ പി അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തേജസ് തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അനീബിനെ മോചിപ്പിക്കുക, കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറിലധികംപേര്‍ പങ്കെടുത്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു.
പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ എ വാസു ഉദ്ഘാടനം ചെയ്തു. ചുംബനത്തെരുവ് പരിപാടിക്കിടെ സ്ഥലത്തുണ്ടായിരുന്ന സിറ്റി പോലിസ് കമ്മീഷണര്‍ സംഘപരിവാരത്തെ കയറൂരിവിടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അംഗവൈകല്യമുള്ള ദലിതനായ ഒരു കവി മര്‍ദ്ദിക്കപ്പെടുമ്പോഴാണ് അനീബ് ഇടപെട്ടതെന്ന് തുടര്‍ന്നു സംസാരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ എസ് ഹരിഹരന്‍ പറഞ്ഞു. അതു കണ്ടിട്ടും ഇടപെടാതിരിക്കുന്നവന്‍ മനുഷ്യനാണോ? എണ്ണത്തില്‍ കുറവുള്ള ഹനുമാന്‍സേനക്കാരെ സഹായിക്കാന്‍ മഫ്തിയിലുള്ള പോലിസുകാരെ അയച്ചതാരാണ്- അദ്ദേഹം ചോദിച്ചു.
കുരങ്ങന്‍സേനയുടെ കൂലിപ്പടയായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട്ടെ പോലിസ് ചെയ്തതെന്ന് തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി ചൂണ്ടിക്കാട്ടി. ഒരു സംഭവം നടക്കുമ്പോള്‍ പത്രപ്രവര്‍ത്തകന്‍ അതു റിപോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥനാണ്. പോലിസ് സ്‌റ്റേഷനില്‍ പത്തോളം മുട്ടാളന്മാരാണ് അനീബിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപകാലത്ത് ഇതാദ്യമായാണ് ഒരു പത്രപ്രവര്‍ത്തകനെ ഇത്രയും ക്രൂരമായി പോലിസ് മര്‍ദ്ദനത്തിനിരയാക്കുന്നത്. ഇതിനെ നിയമപരമായി നേരിടും. അനീബിന് ജാമ്യം ലഭിച്ചുകഴിയുന്നതോടെ ഈ പോരാട്ടം അവസാനിക്കില്ല. പോലിസിന്റെ ക്രൂരതയ്‌ക്കെതിരേ ശക്തമായ നിയമപോരാട്ടം നടത്താന്‍ തേജസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കോളമിസ്റ്റ് കെ പി വിജയകുമാര്‍, തേജസ് അസി. എഡിറ്റര്‍ പി അഹ്മദ് ശരീഫ്, റഫീഖ് റമദാന്‍, സൈനുല്‍ ആബിദ്, കെ പി ഒ റഹ്മത്തുല്ല, പ്രേം മുരളി സംസാരിച്ചു. കമ്മീഷണര്‍ക്ക് എന്‍ പി ചെക്കുട്ടിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
Next Story

RELATED STORIES

Share it