അധ്യാപകനെതിരായ കേസ് ഫാറൂഖ് കോളജിനെ ലക്ഷ്യംവച്ചുള്ളത്

മലപ്പുറം: ആവിഷ്‌കാര സ്വാതന്ത്ര്യമെന്നതു കേരളത്തില്‍ രണ്ടു രീതിയിലാണെന്നതിന്റെ ഉദാഹരണമാണു ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരായ പോലിസ് കേസെന്നു മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
സമാനമായ അഭിപ്രായം പൊതുവേദികളില്‍ പങ്കുവച്ചവര്‍ക്കെതിരേ പോലും കേസില്ലാത്ത സാഹചര്യത്തിലാണു ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ മതബോധന ക്ലാസ് എടുത്തയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മതപ്രഭാഷകര്‍ക്ക് തങ്ങളുടെ മതം പറയുന്നതുപോലും പഠിപ്പിക്കുന്നതിനു സ്വാതന്ത്ര്യം ഇല്ലാത്ത നാടായി കേരളം മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അധ്യാപകനെതിരേ കേസെടുത്തതിലൂടെ ഫാറൂഖ് കോളജിനെയാണു ലക്ഷ്യംവയ്ക്കുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്ത്രധാരണ രീതിയെക്കുറിച്ചു സാഹിത്യകാരന്‍മാര്‍, ബുദ്ധിജീവികള്‍, കലാകാരന്‍മാര്‍, ഗായകര്‍ എന്നിവര്‍ നിരവധി വിവാദ പ്രസ്താവനകള്‍ മുമ്പും നടത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയൊന്നും കേസെടുക്കാതെ ഫാറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ പ്രസ്താവനയില്‍ കേസെടുത്തതു ന്യായീകരിക്കാനാവില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ഉത്തരേന്ത്യയിലേതിനു സമാനമായ അവസ്ഥയിലേക്കാണു സംസ്ഥാനം പോവുന്നത്. തീതുപ്പുന്ന വര്‍ഗീയ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാതിരിക്കുകയും മതപ്രബോധനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ സംഘപരിവാര മനോഭാവമാണ്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്താണെന്നു മനസ്സിലാവുന്നില്ല. മതപ്രചാരകര്‍ക്കും സാംസ്‌കാരിക നായക ന്‍മാര്‍ക്കും പ്രസംഗിക്കാന്‍ പാടില്ലെന്ന വല്ല തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അതു വ്യക്തമാക്കണം.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് ആരും കരുതേണ്ട. കേസുകള്‍ വലുതാക്കി പ്രത്യേക ലക്ഷ്യം നേടാനുള്ള ഈ നീക്കത്തിനെതിരേ പ്രതികരിക്കാതിരിക്കാനാവില്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടുകതന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Next Story

RELATED STORIES

Share it