Flash News

അതീവ ജാഗ്രത പിന്‍വലിച്ചു; നിപാക്കെതിരേ ഒരുമിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മന്ത്രി

കോഴിക്കോട്: നിപാക്കെതിരായ അതീവ ജാഗ്രത അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗം പടരുന്നത് തടയാന്‍ ഒരുമിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.  സ്വജീവന്‍ പണയം വച്ചും രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കുമെന്നും ശൈലജ പറഞ്ഞു. നിപാ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ കോഴിക്കോട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
നിപാക്കെതിരായ അതീവ ജാഗ്രത അവസാനിപ്പിച്ചെങ്കിലും ജാഗ്രതാ പ്രവര്‍ത്തനം ഈ മാസം അവസാനം വരെ തുടരും. കോഴിക്കോട്ട് സ്‌കൂളുകള്‍ തുറക്കുന്നതിനും കൂട്ടായ്മകള്‍ക്കുമുള്ള നിയന്ത്രണം അവസാനിപ്പിച്ചു. പൊതുയോഗം പോലുള്ള പരിപാടികള്‍ സംഘാടകര്‍ ഈ മാസാവസാനം വരെ സ്വമേധയാ നിയന്ത്രിച്ചാല്‍ നല്ലതാണ്. നിപാ കാരണം ഇതുവരെ സ്‌കൂള്‍ തുറക്കാത്ത ജില്ലകളില്‍ നാളെ തുറക്കും.
നിപാ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുത്. കഴിഞ്ഞ മെയ് 18ന് നിപാ രോഗം സ്ഥിരീകരിച്ചതു മുതല്‍ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രതാ സെല്ലിന്റെ പ്രവര്‍ത്തനം 15ാം തിയ്യതിയോടെ കലക്ടറേറ്റിലേക്കു മാറ്റും. നിപായുടെ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ പരിശോധന നടത്തിയതില്‍ 18 പേര്‍ക്കാണ് നിപാ സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു.
നഴ്‌സിങ് വിദ്യാര്‍ഥിനിക്കും മലപ്പുറം ജില്ലക്കാരനായ മറ്റൊരാള്‍ക്കും അസുഖം പൂര്‍ണമായി ഭേദമായിട്ടുണ്ട്. ഇതില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യും. മലപ്പുറം ജില്ലക്കാരനെ 14നും ഡിസ്ചാര്‍ജ് ചെയ്‌തേക്കും. നിപാ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ കോണ്‍ടാക്ട് ചെയ്ത 2649 പേരെ ഇതുവരെ നിരീക്ഷിച്ചിട്ടുണ്ട്.
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം തുടരും. നിപാ പ്രതിരോധ മരുന്ന് കണ്ടെത്തുകയെന്നതും അനിവാര്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചെസ്റ്റ് ഹോസ്പിറ്റല്‍ ബ്ലോക്കിനെ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റും. തിരുവനന്തപുരത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കും. കോഴിക്കോട്ടും ആലപ്പുഴയിലും ബിഎസ്എല്‍-3 നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it