അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായ ഒരു യുവാവ്കൂടി മരിച്ചതോടെ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് നെല്ലിയുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ റസില്‍ മരിച്ചതോടെ നിപാ മരണം 17 ആയി. കോഴിക്കോട്ട് 14 പേരും മലപ്പുറത്ത് മൂന്നും. നേരത്തേ വൈറസ് ബാധിച്ച് മരിച്ച കോട്ടൂര്‍ സ്വദേശിയായ ഇസ്മയിലില്‍ നിന്നാണ് റസിലിന് രോഗം ബാധിച്ചതെന്ന് കരുതുന്നു. പനി ബാധിച്ച് റസിലിനെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.  റസിലിന്റെ മരണത്തോടെയാണ്് അതീവ ജാഗ്രത അനിവാര്യമായിരിക്കുന്നു എന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചത്.
വൈറസ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള രണ്ടുപേരുടെ നില ഭേദപ്പെട്ടുവരുന്നു. ഇന്നലെ പരിശോധിച്ച 15 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. സംശയമുള്ള നാലു പേരെ കൂടി ആുപത്രിയില്‍ പ്രവേശിപ്പിച്ചു. 1407 പേരുടെ നിരീക്ഷണ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ആസ്‌ത്രേലിയയില്‍നിന്നുള്ള മരുന്നെത്താന്‍ രണ്ടുമൂന്നു ദിവസംകൂടിയെടുക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രനും സൂപ്രണ്ട് കെ ജി സജിത്കുമാറും പറഞ്ഞു. കേരളത്തില്‍ രോഗമുണ്ടാക്കിയ നിപ വൈറസിന് മലേഷ്യയിലുണ്ടായതിനെക്കാള്‍ ബംഗ്ലാദേശിലുണ്ടായതിനോടാണ് ജനിതക സാമ്യമെന്ന് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് മേധാവി ഡോ. ജി അരുണ്‍കുമാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it