അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നു

ജമ്മു: നിയന്ത്രണരേഖയില്‍ ഇന്ത്യ-പാക് സൈനികര്‍ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടല്‍ കനക്കുന്നു. നിയന്ത്രണരേഖയിലെ നൗഷേറാ മേഖലയില്‍ ഇന്നലെ ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പുണ്ടായി. രാവിലെ ഒമ്പതു മുതല്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. പത്തുമണി വരെ വെടിവയ്പ് നീണ്ടുവെന്ന് പോലിസ് അറിയിച്ചു.
ഇക്കഴിഞ്ഞ 23ന് രജൗറിയിലെ ഖേരി സെക്ടറിലാണ് പാകിസ്താന്‍ അവസാനമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അന്നത്തെ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനു തിരിച്ചടിയായി 25ന് തന്നെ റാവല്‍കോട്ടിലെ രുഖ് ചക്രി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മൂന്നു പാക് സൈനികരെ വധിക്കുകയും ചെയ്തു. ഈ വര്‍ഷം 881 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഏഴു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കരാര്‍ലംഘനം നടന്നതും ഈ വര്‍ഷമാണ്. ഈ മാസം പത്തു വരെ നിയന്ത്രണരേഖയില്‍ മാത്രം പാകിസ്താന്‍ 771 തവണ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ 110 തവണ കരാര്‍ ലംഘിച്ചു.
ഈ ആക്രമണങ്ങളില്‍ 14 സൈനികരും 12 സാധാരണക്കാരും നാല് ബിഎസ്എഫുകാരും കൊല്ലപ്പെട്ടുവെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടത് 2003ലാണ്.
Next Story

RELATED STORIES

Share it