kasaragod local

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടണമെന്ന് ഉത്തരവ്



കാസര്‍കോട്: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ച് പൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. നേരത്തേ തന്നെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ച് പൂട്ടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ 11 സ്‌കൂളുകളാണ് അടച്ച് പൂട്ടിയത്. ചില മാനേജ്‌മെമെന്റുകള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത് വിദ്യാര്‍ഥികളെ വീണ്ടും ആശങ്കയിലാക്കി. പൊതു പരീക്ഷകള്‍ അടുക്കാറായ സാഹചര്യത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കുള്‍ അധികൃതരും. ജില്ലയില്‍ 213 സ്‌കുളുകള്‍ക്കാണ് നേരത്തേ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവിനെതിരേ കോടതിയില്‍ ചില മാനേജ്‌മെന്റുകള്‍ ഫയല്‍ ചെയ്ത കേസില്‍ വിധി വരുന്നതിന് മുമ്പ് വീണ്ടും അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു തലം വരേയുള്ള കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ധാരാളമായി പഠിക്കുന്നുണ്ട്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കുളുകളിലെ സെന്ററുകളിലാണ് പരീക്ഷ എഴുതാറുള്ളത്. അധ്യയന വര്‍ഷം ആരംഭിച്ച് കഴിഞ്ഞ് അര്‍ധവാര്‍ഷിക പരീക്ഷയ്ക്കുള്ള ഒരുക്കത്തിനിടെ അടച്ചുപൂട്ടല്‍ ഉത്തരവ് വിദ്യാര്‍ഥികളെ ഏറെ കുഴക്കുന്നുണ്ട്. 2018 മാര്‍ച്ച് ഏഴ് മുതല്‍ അടുത്ത എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് ഇത്തരം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുകയില്ല. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശം വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് നടപ്പാക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം.
Next Story

RELATED STORIES

Share it