Articles

അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടി?

അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടി?
X






പ്രഫ. റോണി കെ ബേബി
രാജമാണിക്യത്തിന്റെ അന്വേഷണവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എസ് ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ടാറ്റ, ഹാരിസണ്‍, ടിആര്‍ ആന്റ് ടി തുടങ്ങിയ വന്‍ കുത്തകകള്‍ക്കെതിരേ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനു വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുന്നത്. പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിനു രാജമാണിക്യം തന്റെ അന്തിമ റിപോര്‍ട്ട് 2016 ജൂണ്‍ ആദ്യവാരം സമര്‍പ്പിച്ചു. വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്നതിനു പുതിയ നിയമനിര്‍മാണം വേണമെന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിദേശ ബന്ധങ്ങള്‍ ഉള്ളതിനാല്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഉന്നതതല അന്വേഷണവും ശുപാര്‍ശ ചെയ്യുന്നതായിരുന്നു രാജമാണിക്യത്തിന്റെ റിപോര്‍ട്ട്. വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഭൂരഹിതരും ഭൂസമരസംഘടനകളും രാജമാണിക്യം റിപോര്‍ട്ടിനെ വീക്ഷിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു ഡസന്‍ അവസരങ്ങളിലെങ്കിലും രാജമാണിക്യം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുമെന്നു റവന്യൂമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. രാജമാണിക്യം റിപോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിട്ടുവെങ്കിലും നിയമനിര്‍മാണ കാര്യത്തിലും ഉന്നതതല അന്വേഷണത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നീക്കവുമുണ്ടായില്ല. റിപോര്‍ട്ട് നടപ്പാക്കിയില്ലെന്നു മാത്രമല്ല, രാജമാണിക്യം നടപടികള്‍ സ്വീകരിച്ച കമ്പനികള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളി നടത്തി. ടാറ്റ, ഹാരിസണ്‍ തുടങ്ങിയ വന്‍കിട കുത്തകകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍ ഭട്ട് തല്‍സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു. യഥാസമയം ഹാജരാകാതെയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചപ്പോള്‍ കമ്പനികള്‍ നിര്‍ബാധം കോടതികളില്‍ നിന്നു സ്‌റ്റേ സമ്പാദിച്ചു. ഈ സാഹചര്യത്തിലാണ് രാജമാണിക്യം റിപോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പ് സെക്രട്ടറിയായ ബി ജി ഹരീന്ദ്രനാഥ് സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ട് പുറത്തുവരുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ നിയമ സെക്രട്ടറിയുടെ വാദങ്ങള്‍ ബാലിശവും വ്യക്തിതാല്‍പര്യങ്ങള്‍ നിറഞ്ഞതുമാണെന്നു കാണാം. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ട് രാഷ്ട്രീയ ഉടമ്പടി മാത്രമാണെന്നും വിദേശികള്‍ കൈവശം വച്ചിരുന്ന തോട്ടങ്ങള്‍ക്ക് ബാധകമല്ല എന്നുമുള്ള വിചിത്ര വാദമാണ് നിയമ സെക്രട്ടറിയുടേത്. ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ടിന്റെ 7ാം വകുപ്പില്‍ “സ്വാതന്ത്ര്യം കിട്ടുന്നതോടെ വിദേശ കമ്പനികളും വ്യക്തികളും ഇന്ത്യയിലെ കമ്പനികളും വ്യക്തികളുമായുള്ള ഉടമ്പടികള്‍ അതിനാല്‍ തന്നെ അസാധുവാകുമെന്നു പറയുന്നിടത്താണ് നിയമ സെക്രട്ടറിയുടെ ഈ വിചിത്ര വാദം. കൂടാതെ 1947ലെ വിദേശ വിനിമയ നിയന്ത്രണ നിയമം (ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ട് 1947) വകുപ്പ് 18-എ ഇപ്രകാരം പറയുന്നു: “ഇന്ത്യയിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമാവാത്തതോ, ഇന്ത്യക്കു പുറത്തു താമസിക്കുന്ന വ്യക്തികള്‍ നേരിട്ടോ നേരിട്ടല്ലാതെയോ നിയന്ത്രിക്കുന്നതോ ആയ ഒരു കമ്പനിയുടെയും പ്രതിനിധികളായോ മാനേജ്‌മെന്റ് സാങ്കേതിക ഉപദേശകനായോ ഒരു ഇന്ത്യന്‍ കമ്പനി പോലും പ്രവര്‍ത്തിക്കാന്‍ പാടില്ല.’ ഇതിന്റെ അര്‍ഥം ഇന്ത്യയിലെ നിയമത്തിന് അനുസരിച്ചല്ലാതെ വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഒരു വിദേശ കമ്പനിക്കും ഇവിടെ നേരിട്ടോ ബിനാമികള്‍ വഴിയോ പോലും തോട്ടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല എന്നാണ്. അടുത്തതായി നിയമ സെക്രട്ടറിയുടെ വാദം “രാജമാണിക്യം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനു നിയമം നിര്‍മിച്ചാല്‍ അത് ഭരണഘടനാവിരുദ്ധമാകും’എന്നാണ്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വകുപ്പ് 31-എ പ്രകാരം കമ്പനികള്‍ക്കു വേണ്ടി ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 1971ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ സ്വത്തവകാശം മൗലികാവകാശമായിരുന്നപ്പോഴാണ് കേരള നിയമസഭ പാസാക്കിയ കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിനു സുപ്രിംകോടതിയുടെ അംഗീകാരം ലഭിച്ചതെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.  2010ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയുടെ 1601/10 കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടാറ്റ അനധികൃതമായി കൈവശം വയ്ക്കുന്ന ആയിരത്തില്‍പരം ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയും നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുകയും ചെയ്തുവെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. അന്ന് ഇല്ലാതിരുന്ന എന്തു ഭരണഘടനാ പ്രശ്‌നമാണ് ഇപ്പോള്‍ പുതുതായി ഉണ്ടായതെന്നു വിശദീകരിക്കാന്‍ നിയമ സെക്രട്ടറി തയ്യാറാവണം. അനധികൃത തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരേ നിയമ സെക്രട്ടറി ഉന്നയിക്കുന്ന അടുത്ത തടസ്സവാദം 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ കേരള സര്‍ക്കാരിന്റെ “കൈവശ കൃഷിക്കാരന്‍’ ആണെന്നതാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വന്‍കിട ഭൂമാഫിയകളുടെ വാദമുഖങ്ങള്‍ അതുപോലെ പച്ചയ്ക്ക് ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. തങ്ങള്‍ക്കെതിരേയുള്ള കേസുകളില്‍ ഹാരിസണ്‍ മലയാളം കമ്പനി സുപ്രിംകോടതിയില്‍ വാദിച്ചത് തങ്ങള്‍ കേരള സര്‍ക്കാരിന്റെ “കൈവശ കൃഷിക്കാരന്‍’ ആണെന്നാണ്. എന്നാല്‍, വിദേശ കമ്പനികള്‍ക്ക് കേരള ഭൂസംരക്ഷണ നിയമത്തിലെ ആനുകൂല്യങ്ങള്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്. സുപ്രിംകോടതി തള്ളിക്കളഞ്ഞ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ത്തി രാജമാണിക്യം റിപോര്‍ട്ട് തള്ളിക്കളയാനുള്ള നിയമ സെക്രട്ടറിയുടെ ശ്രമം ഉന്നതതല ഗൂഢാലോചനയുടെ ഫലമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അടുത്തതായി നിയമ സെക്രട്ടറി ഉന്നയിക്കുന്ന വാദം “സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട കമ്പനികള്‍ കൈയേറ്റക്കാരല്ല, മറിച്ച്, പരമ്പരാഗതമായി ഭൂമി കൈവശം വച്ചുപോരുന്നവരാണ്’ എന്നാണ്. കൈവശ കൃഷിക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെ ഈ കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുക മാത്രമല്ല, വ്യാജ ആധാരങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണവുമുണ്ട്.  കൊല്ലം ജില്ലയില്‍ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന 13,538 ഏക്കര്‍ സ്ഥലത്തില്‍ ഭൂരിഭാഗവും 1901നു മുമ്പ് രണ്ടാം റെഗുലേഷന്‍ പ്രകാരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ച സ്ഥലമാണ്. ഇതു മനസ്സിലാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹാരിസണിന്റെ മെയ്ഫീല്‍ഡ് എസ്റ്റേറ്റിലെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള 827 ഏക്കര്‍ സ്ഥലം 2011 ആഗസ്തില്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യുകയുണ്ടായി. 1958ലെ കേരള ഭൂസംരക്ഷണ നിയമം ശക്തമായതിനാല്‍ ഭൂമികൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പുതിയ നിയമം വേണ്ട എന്നാണ് അദ്ദേഹത്തിന്റെ വാദം. പക്ഷേ, നിയമം ഉണ്ടായിട്ടും കഴിഞ്ഞ 60 വര്‍ഷമായി വന്‍കിട കുത്തകകള്‍ക്കെതിരേ ഒന്നും ചെയ്യാന്‍ സാധിക്കാത്തത് എന്താണെന്ന ചോദ്യത്തിനു മാത്രം മറുപടിയില്ല. ഭൂമികൈയേറ്റക്കാരെ രക്ഷിക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഫലമാണ് നിയമ സെക്രട്ടറിയുടെ റിപോര്‍ട്ടെന്നു പകല്‍ പോലെ വ്യക്തമാണ്.                                                            (അവസാനിച്ചു.)
Next Story

RELATED STORIES

Share it