അട്ടപ്പാടി: സ്വതന്ത്ര ഏജന്‍സി സോഷ്യല്‍ ഓഡിറ്റിങ് നടത്തണം

കൊച്ചി: അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ട്. മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ. പി ദീപക്ക് ആണ് ഈ ആവശ്യം ഉന്നയിച്ച് ഇടക്കാല റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തലങ്ങളില്‍ അനുവദിച്ചത്. പക്ഷേ, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ശക്തിപ്പെടുക മാത്രമാണുണ്ടായത്. അതിനാല്‍, അട്ടപ്പാടി മേഖലയിലെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും ഒരു സ്വതന്ത്ര ഏജന്‍സി സോഷ്യല്‍ ഓഡിറ്റിങ് നടത്തണം. ഇതിന്റെ റിപോര്‍ട്ട് കോടതിയോ സര്‍ക്കാരോ പരിശോധിക്കണം.
48 വാര്‍ഡുകളാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഓരോ വാര്‍ഡില്‍ നിന്നും വിദ്യാഭ്യാസമുള്ള രണ്ട് ആദിവാസികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഓഡിറ്റിങില്‍ പരിശീലനം നല്‍കണമെന്ന് റിപോര്‍ട്ട് പറയുന്നു. ഐഎഎസ് റാങ്കില്‍ കുറയാത്ത ഒരാളെ നോഡല്‍ ഓഫിസറായി നിയമിക്കണം.
28 സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഴിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥന്‍ ഏകോപിപ്പിക്കണം. കുടിവെള്ളത്തിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പൈപ്പുകളില്‍ വെള്ളമില്ലെന്ന് റിപോര്‍ട്ട് നിരീക്ഷിക്കുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ശിശുമരണം തുടര്‍ക്കഥയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it