അടൂര്‍ പ്രകാശിനെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കം പാളി

തിരുവനന്തപുരം: റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കം പാളി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി തള്ളിയത്. നിയമോപദേശം തേടിയ ശേഷമായിരുന്നു ഡയറക്ടറുടെ നടപടി. ഇതോടെ മന്ത്രിക്ക് കേസില്‍ വിചാരണ നേരിടേണ്ടിവരും.
കോണ്‍ഗ്രസ് നേതാവും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കെപിസിസി സെക്രട്ടറിയുമായ എന്‍ കെ അബ്ദുറഹ്മാന് ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. 2005ല്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലും തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വച്ചും പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.
മുക്കം കാരശ്ശേരി കുമാരനല്ലൂര്‍ പുലിചുടലയില്‍ പി സി സചിത്രന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് കേസിനാധാരം. 2011 ഫെബ്രുവരി 28ന് കോടതി നടപടിയും തുടങ്ങി.
പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ഇത് കോഴിക്കോട് വിജിലന്‍സിന് കൈമാറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡിവൈഎസ്പി പി പി ഉണ്ണികൃഷ്ണന്‍ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അടൂര്‍ പ്രകാശ് ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ പിഎ ആയിരുന്ന വി രാജു രണ്ടാംപ്രതിയുമായാണ് ആദ്യ കുറ്റപത്രം. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫിസറായിരുന്ന ഒ സുബ്രഹ്മണ്യന്‍, താലൂക് സപ്ലൈ ഓഫിസര്‍ കെ ആര്‍ സഹദേവന്‍, റേഷന്‍ ഡിപ്പോ അനധികൃതമായി നേടിയെന്നാരോപിക്കപ്പെട്ട മലപ്പുറം ഊരകം കുഴിമുറി കുണ്ടുപുഴക്കല്‍ സമീര്‍ നവാസ് എന്നിവരാണു രണ്ടാം കുറ്റപത്രത്തില്‍ പ്രതികള്‍.
Next Story

RELATED STORIES

Share it