thrissur local

അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗുരുവായൂരില്‍ എസ്ഡിപിഐ പ്രചാരണം

കടപ്പുറം: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ്ഡിപിഐ പ്രചാരണം ഊര്‍ജ്ജിതമായി. എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് മല്‍സരിക്കുന്ന മണ്ഡലത്തില്‍ പരമാവധി വോട്ടുകള്‍ നേടി ശക്തി തെളിയിക്കാന്‍ തന്നേയാണ് പാര്‍ട്ടി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കടപ്പുറം പഞ്ചായത്തിലെ കടലോര മേഖലയിലായിരുന്നു പ്രചാരണം. അര നൂറ്റാണ്ടു കാലമായി പഞ്ചായത്ത് നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തന്നേയാണ് കവലകള്‍ തോറുമുള്ള പ്രചാരണ രംഗത്ത് എസ്ഡിപിഐ ഉയര്‍ത്തിക്കാട്ടുന്നത്.
പഞ്ചായത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ള ക്ഷാമ പരിഹാരം ഇരു മുന്നണികളുടേയും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമായി മാത്രമായി അവശേഷിക്കുകയാണെന്നും ഇതിനെതിരേ ഒരു വോട്ട് എന്ന അഭ്യര്‍ഥനയോടേയാണ് എസ്ഡിപിഐ പ്രചാരണം നടത്തുന്നത്.
കൂടാതെ തൊട്ടാപ്പ് സുനാമി കോളനി നിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മല്‍സ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാനും എസ്ഡിപിഐ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് സ്ഥാനാര്‍ഥി പി ആര്‍ സിയാദ് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
തൊട്ടാപ്പ്, ബദര്‍പള്ളി, അഞ്ചങ്ങാടി വളവ്, അഞ്ചങ്ങാടി, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, പുതിയങ്ങാടി മേഖലകളിലായിരുന്നു പര്യടനം. എം ഫാറൂക്ക്, ഹുസയ്ന്‍ ഹാഷ്മി, ഇബ്രാഹിം പുളിക്കല്‍, കെ എച്ച് ഷാജഹാന്‍, ബി ഹുസയ്ന്‍ തങ്ങള്‍, ബി ടി സ്വലാഹുദ്ദീന്‍, റിയാസ്, അയ്യൂബ് തൊട്ടാപ്പ്, സെക്കീര്‍ തൊട്ടാപ്പ്, മുഹമ്മദ് റാഫി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it