Flash News

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു



തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തൊഴില്‍ തര്‍ക്കം മന്ത്രി ടി പി രാമകൃഷ്ണന്റെ ഇടപെടലില്‍ ഒത്തുതീര്‍ന്നു. തൊഴില്‍മന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ഒടുവില്‍ മന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റും യൂനിയന്‍ പ്രതിനിധികളും അംഗീകരിച്ചതോടെയാണ് തര്‍ക്കത്തിനു വിരാമമായത്. അനുരഞ്ജന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച നാലിന കരാരില്‍ ഇരുവിഭാഗവും ഒപ്പുവച്ചു. ആശുപത്രി മാനേജ്‌മെന്റ് തൊഴിലാളികള്‍ക്കു പ്രഖ്യാപിച്ച മിനിമം വേജസിലെ പോരായ്മകള്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസറുമായി (എന്‍ഫോഴ്‌സ്‌മെന്റ്) ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. തൊഴിലാളികള്‍ക്ക് ഇതിനോടകം വിതരണം ചെയ്ത കൂലിയിലുണ്ടായ അപാകതകള്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തി കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ അഞ്ചു ദിവസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) മാനേജ്‌മെന്റ് സമര്‍പ്പിക്കണം. ജീവനക്കാര്‍ ജോലിക്ക് പ്രവേശിച്ച തിയ്യതി, കോണ്‍ട്രാക്റ്റ്, സ്ഥിരം, ദിവസക്കൂലി ഉള്‍പ്പെടെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാമെന്ന് മാനേജ്‌മെന്റ് കരാറില്‍ സമ്മതമറിയിച്ചു. മുഴുവന്‍ ജീവനക്കാര്‍ക്കും 2015-16 വര്‍ഷത്തെ ബോണസ് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്കു വിതരണം ചെയ്യും. വിരമിക്കല്‍ പ്രായപരിധിയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ സംബന്ധിച്ച മാര്‍ഗരേഖ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ച ശേഷം കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കാനും കരാറില്‍ തീരുമാനമായി. സ്റ്റാന്‍ഡിങ് ഓര്‍ഡറില്‍ തീരുമാനമാവുന്നതു വരെ അഞ്ചു തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിര്‍ത്തിവയ്ക്കാനും മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ കെ ബിജു, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ തുളസീധരന്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it