kannur local

അങ്കണവാടി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് : മന്ത്രി



കണ്ണൂര്‍: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച സാമൂഹികക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഒരു വര്‍ഷം 25000 രൂപ വരെ ചികില്‍സാ സഹായം ലഭ്യമാക്കുന്ന തരത്തിലായിരിക്കും പദ്ധതി. പ്രീമിയം തുക സര്‍ക്കാര്‍ അടക്കും. ക്രമേണ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിക്കും. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. അങ്കണവാടിയെ സ്ഥിരം സംവിധാനമായി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവിടുത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്ത് പ്രീ സ്‌കൂള്‍ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കും. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക യൂനിഫോം വിതരണം ചെയ്യും. ഇതോടൊപ്പം അങ്കണവാടി ജീവനക്കാര്‍ക്കും രണ്ടു നിറങ്ങളിലുള്ള സാരികള്‍ യൂനിഫോമായി നല്‍കും. ജീവനക്കാരുടെ ഓണറേറിയം ലഭ്യമാക്കാന്‍ വ്യവസ്ഥാപിത സംവിധാനമൊരുക്കാനും പദ്ധതിയുണ്ട്. അങ്കണവാടികളിലെ കുറവുകള്‍ കണ്ടെത്തി പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കും. കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ തുടക്കത്തിലെ തിരിച്ചറിയാനുള്ള ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ജില്ലാതലത്തില്‍ ആരംഭിക്കാന്‍ 3.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വനിതാ വികസന കോര്‍പറേഷന്‍ വഴി പലിശയില്ലാ വായ്പ ലഭ്യമാക്കാന്‍ ഉടന്‍ പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് 100 ഷീ ടാക്‌സികള്‍ നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹികനീതി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് (ംംം. ഷെറ.സലൃമഹമ.ഴീ്.ശി) ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ വിജയം വരിച്ച തലശ്ശേരി ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ അഞ്ച് കുട്ടികള്‍ക്കും ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ മൂന്ന് കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ ആരോഗ്യന്ത്രിയും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും വേിതരണം ചെയ്തു. അങ്കണവാടി പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it