thiruvananthapuram local

അങ്കണവാടി ജീവനക്കാരുടെ ശമ്പളം കിട്ടാക്കടമായി മാറുന്നു

മലയിന്‍കീഴ്: വര്‍ധിപ്പിച്ച ശമ്പളം യഥാസമയം വിതരണം നടത്താന്‍ ധനകാര്യ വകുപ്പ് കനിയാത്തത് കാരണം അങ്കണവാടി ജീവനക്കാര്‍ക്ക് ശമ്പളം കുടിശികയായി മാറുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് 2200 രൂപ വര്‍ധിപ്പിച്ച് ശമ്പളം 10000 രൂപയായി പ്രഖ്യാപിച്ചിരുന്നു.
ഫണ്ടിന്റെ അപര്യാപ്തതകാരണം കഴിഞ്ഞ വര്‍ഷത്തിന് ശേഷം പഞ്ചായത്തുകള്‍ പ്രോജക്ട് വച്ച് ഫണ്ട് നീക്കിയിട്ടില്ല. പകരം സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും ധനകാര്യ വകുപ്പിന്റെ ഉദാസീനത കാരണം അങ്കണവാടി ജീവനക്കാരുടെ ശമ്പളം ചുവപ്പ് നാടയില്‍ കുരുങ്ങി കിട്ടാക്കടമായി മാറുകയാണ്.
സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 33000 ലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇവിടെ ടീച്ചര്‍, ഹെല്‍പര്‍ തസ്തികളിലായി അരലക്ഷത്തിലധികം ജീവനക്കാര്‍ സര്‍ക്കാറിന്റെ വര്‍ധിപ്പിച്ച ശമ്പളം എല്ലാമാസവും അക്കൗണ്ടില്‍ വരുന്നതും കാത്ത് ദിവസം തള്ളി നീക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും ജീവനക്കാര്‍ക്ക് 3000 രൂപ വീതവും ബാക്കി തുക സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നുമാണ് ലഭ്യമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പ് വഴിയാണ് ശമ്പളം വിതരണം നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് തനത് ഫണ്ടിലൂടെ ജീവനക്കാര്‍ക്ക് ശമ്പളം ഓണറേറിയം ആയി വിതരണം ചെയ്തു.
എന്നാല്‍ ധനകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് യഥാസമയം ശമ്പളം ലഭ്യമാക്കാന്‍ കാലതാമസത്തിന് ഇടയാക്കിയതെന്ന് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അങ്കണവാടി ജീവനക്കാര്‍ പലതവണ സമരങ്ങള്‍ നടത്തുകയും  പഞ്ചായത്തുകള്‍ നിരന്തര സമ്മര്‍ദ്ദങ്ങള്‍ നടത്തിയുമാണ് ആദ്യഘട്ടം വര്‍ധിപ്പിച്ച ശമ്പളം നേടിയെടുത്തത്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റില്‍ എംകെ മുനീര്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരിക്കെ നടപ്പിലാക്കിയ പദ്ധതിയോടുള്ള അവഗണന പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നത് വിവേചനമാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it