Flash News

അങ്കണവാടികളുടെ പ്രവര്‍ത്തനം : തദ്ദേശ സ്ഥാപനങ്ങള്‍ പിറകില്‍



കൊണ്ടോട്ടി: സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് നിയമസഭാ സമിതിയുടെ റിപോര്‍ട്ട്. സംസ്ഥാനത്ത് 32922 അങ്കണവാടികളും അപരിഷ്‌കൃത മേഖലയായി പ്രവൃത്തിക്കുകയാണെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയുടെ ഉയര്‍ച്ചക്കായി പ്രവൃത്തിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിട്ടും കെട്ടിടങ്ങള്‍ പണിയാന്‍ മുതിരുന്നില്ല. പഞ്ചായത്തുകളുടെ അധീനതയിലും, സര്‍ക്കാര്‍ സ്‌കൂളുകളിലും ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിട്ടും അങ്കണവാടികള്‍ അവിടേക്ക് മാറ്റാന്‍ പോലും തയ്യാറാവാതെ തദ്ദേശ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നു. ഇതിനെ തുടര്‍ന്ന് അങ്കണവാടി ക്ലാസുകളില്‍ നിന്നും സാധാരണക്കാരന്‍ പോലും കുട്ടികളെ പിന്‍വലിക്കുന്ന കാഴ്ചയാണുള്ളതെന്നും നിയമസഭാ സമിതി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.   സംസ്ഥാനത്തെ ഒട്ടുമിക്ക അങ്കണവാടികളും ഇടുങ്ങിയ വാടക മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ഭൂമി കണ്ടെത്താന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ശ്രമിക്കുന്നില്ല. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മിക്ക അങ്കണവാടികളിലേയും കുട്ടികള്‍ സമീപത്തെ വീടുകളിലാണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നത്തെ കാലത്ത് ഇത് വലിയ അപകടം ചെയ്യുമെന്ന് റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കോടിക്കണക്കിന് രൂപ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നുണ്ടെങ്കിലും അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.  അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ അനിവാര്യമായ കുടിവെള്ള പൈപ്പ്, ഇലക്ട്രോണിക് വയറിങ്, ടോയ്‌ലറ്റ്, തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ പോലും എന്‍ജിനീയറിങ് വിഭാഗം മറക്കുന്നു. സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങേണ്ട വെല്‍ഫെയര്‍ കമ്മിറ്റികള്‍ പേപ്പറില്‍ മാത്രം പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വാങ്ങി കൈയില്‍ സൂക്ഷിക്കുന്ന ചില പഞ്ചായത്തുകള്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടും തുടര്‍ നടപടികളെടുക്കുന്നില്ല. അങ്കണവാടികളുടെ പുനരുദ്ധാരണത്തിന് നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിക്കാമെങ്കിലും ഇതും ആരും പ്രയോജനപ്പെടുത്തുന്നില്ല. കുട്ടികള്‍ക്ക് നല്‍കുന്ന ധാന്യങ്ങളും പോഷകാഹാരങ്ങളും സമയബന്ധിതമായി ലാബുകളില്‍ അയച്ച് ഗുണമേന്മ പരിശോധിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്തി അവ പ്രസിദ്ധപ്പെടുത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി മോണിറ്ററിങ് നടത്തി മാസത്തില്‍ അവലോകനം ചെയ്യുക തുടങ്ങിയ ചില നിരീക്ഷണങ്ങള്‍  അങ്കണവാടികളുടെയും ശിശുക്ഷേമ പദ്ധതികളുടെയും ശോച്യാവസ്ഥ പരിഹരിക്കാന്‍ റിപോര്‍ട്ട് തയ്യാറാക്കിയ സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്.  സമിതിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it