wayanad local

അഗ്രിഫെസ്റ്റ് അഴിമതി അന്വേഷണത്തിന് നിര്‍ദേശം

മാനന്തവാടി: 2015 ജനുവരി 10 മുതല്‍ 17 വരെ മാനന്തവാടിയില്‍ നടന്ന നാഷനല്‍ അഗ്രിഫെസ്റ്റുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ യുവജനക്ഷേമ സെക്രട്ടറിക്ക് മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. അഗ്രിഫസ്റ്റ് അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടിയില്‍ നടന്ന അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ട്രൈബല്‍ ഫെസ്റ്റില്‍ ചെലവഴിച്ച തുകയിലും തിരിമറി നടന്നതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. അനുവദിച്ച 20 ലക്ഷത്തില്‍ കൃത്യമായി കണക്കുകള്‍ നല്‍കാത്തതും കോണ്‍ഗ്രസ് നേതാവ് അനധികൃതമായി ലക്ഷങ്ങള്‍ വാങ്ങിയെടുത്തതിന്റെയും കണക്കുകള്‍ സമര്‍പ്പിക്കാത്തതിന്റെയും തെളിവുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. 2015ല്‍ യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി മുന്‍കൈയെടുത്തായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്. എന്നാല്‍, അഗ്രിഫെസ്റ്റിന്റെ തുടക്കം മുതല്‍ തന്നെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ട്രൈബല്‍ ഫെസ്റ്റ് നടത്താന്‍ വേണ്ടിയായിരുന്നു യുവജനക്ഷേമ ബോര്‍ഡ് 20 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍, ട്രൈബല്‍ ഫെസ്റ്റ് നടത്താതെ മറ്റ് പരിപാടികള്‍ നടത്തി വന്‍തുകകള്‍ തട്ടിയതായി ആ സമയത്ത് തന്നെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം ജി ബിജുവിനെതിരേ അഴിമതിയാരോപണം ഉയര്‍ന്നു വന്നിരുന്നു.
Next Story

RELATED STORIES

Share it