kasaragod local

അക്രമങ്ങള്‍ പതിവാകുന്നു; നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയായി

കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും സിസി ടിവി കാമറകള്‍ നോക്കുകുത്തിയായത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു.
അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനാണ് ഒരു വര്‍ഷം മുമ്പ് നഗരത്തിലും പരിസരങ്ങളിലും സിസി ടിവി കാമറകള്‍ സ്ഥാപിച്ചത്. സാമുദായിക സംഘര്‍ഷം കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം മുതല്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഹസ്യ കാമറകള്‍ സ്ഥാപിച്ചത്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 70ഓളം കാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ പലതും ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചതിന് ശേഷം നിശ്ചലമാവുകയായിരുന്നു.
കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ എംജി റോഡിലെ വ്യാപാര സ്ഥാപനത്തില്‍ വച്ച് എസ്ഡിപിഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദീന്‍ കൊല്ലപ്പെടുകയും ഇതിന് തൊട്ടുപിന്നാലെ പഴയ ബസ് സ്റ്റാന്റിലെ കൂള്‍ബാര്‍ സ്ഥാപനത്തില്‍ വച്ച് ഉടമയെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം കേസുകളിലെ പ്രതികളുടെ ചിത്രങ്ങള്‍ നിരീക്ഷണ കാമറകള്‍ പതിഞ്ഞിരുന്നില്ല.
പിന്നീട് പരിശോധിച്ചപ്പോഴാണ് കാമറകള്‍ നിശ്ചലമായതായി കണ്ടെത്തിയത്. കെല്‍ട്രോണാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത്. എംഎല്‍എമാരുടെ ഫണ്ടും ഇതിന് ഉപയോഗിച്ചിരുന്നു. സാമൂഹിക ദ്രോഹികള്‍ കാമറകള്‍ നിശ്ചലമാക്കുകയായിരുന്നുവെന്നാണ് സംശയം.
കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി ഡിപ്പോക്ക് പരിസരത്ത് വച്ച് ഓട്ടോ ഡ്രൈവറെ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിലും പ്രതികളുടെ ചിത്രങ്ങള്‍ കാമറകളില്‍ പതിഞ്ഞിട്ടില്ല. നഗരത്തിലെ തിരക്കേറിയ ഈ ഭാഗത്ത് സദാസമയവും സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടാറുണ്ട്. സന്ധ്യമയങ്ങിയാല്‍ ഈ ഭാഗങ്ങള്‍ സാമൂഹിക ദ്രോഹികളുടെ പിടിയിലാണ്.
പോലിസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റത്. രാത്രികാല പോലിസ് പട്രോളിങും കാര്യക്ഷമമല്ല. സിസി ടിവി കാമറകള്‍ നോക്കുകുത്തിയായത് സാമൂഹികള്‍ക്ക് അഴിഞ്ഞാടാന്‍ പ്രേരകമാകുന്നുണ്ട്. കാമറകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it