അക്ബര്‍ കക്കട്ടില്‍ ജനകീയനായ എഴുത്തുകാരന്‍

കല്‍പറ്റ നാരായണന്‍

ഇത്ര ജനകീയനായ ഒരു മലയാളി എഴുത്തുകാരന്‍ എന്റെ അനുഭവത്തില്‍ വേറെ ഇല്ല. ഇത്രയധികം വ്യക്തികളോട് വ്യക്തിപരമായ സൗഹൃദം പുലര്‍ത്തിയ മറ്റൊരു എഴുത്തുകാരനെയും എന്റെ ഓര്‍മയില്‍ വരുന്നില്ല. നാട്ടുനര്‍മങ്ങള്‍, ഗ്രാമീണ മനസ്സിന്റെ പ്രതികരണങ്ങള്‍, തീര്‍ത്തും ലളിതമായ പ്രതിപാദനം, മനുഷ്യപ്പറ്റുള്ള കഥനം ഇതൊക്കെയായിരുന്നു അക്ബറിന്റെ സവിശേഷതകള്‍. നന്നെ ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്റെ ഇമേജ് ആഗ്രഹിക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളും അത് സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനമായി മാറ്റുകയും ചെയ്തു അക്ബര്‍. അക്ബര്‍ കക്കട്ടില്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മളിലുണ്ടാകുന്ന ഒരു കുസൃതി നിറഞ്ഞ ചിരി അക്ബര്‍ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്തു.
ഒട്ടും ഈഗോ ഇല്ലാതിരുന്ന ഒരു വ്യക്തിത്വത്തിന്റെ ലാഘവം അദ്ദേഹത്തിന്റെ സൗഹൃദ സഞ്ചാരങ്ങളെ സുഗമവും മധുരവുമാക്കിയിരുന്നു. അക്ബര്‍ കഥകള്‍ എഴുതിയിട്ടുണ്ട്, അനുഭവകഥനങ്ങള്‍ നടത്തിയിട്ടുണ്ട്, അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്, സംഘാടകന്‍ എന്ന നിലയില്‍ അനവധി സാഹിത്യസമ്മേളനങ്ങളുടെ ജീവനാഡിയായിരുന്നിട്ടുണ്ട്.അവിടെയൊക്കെ അതുമായി ബന്ധപ്പെട്ട എല്ലാവരുമായും സൗഹൃദം സാധിക്കാനും അക്ബറിന് സാധിച്ചു. അക്ബര്‍ എന്ന അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് സുഹൃത്തായിരുന്നു. അക്ബര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്റെ സുഹൃത്തായിരുന്നു. അക്ബര്‍ എന്ന സാഹിത്യപ്രവര്‍ത്തകന്‍ എല്ലാവരുടേയും തോഴനായിരുന്നു. വടക്കന്‍ പാട്ടിന്റെ നാട്ടിലെ ഭാഷയുടെ സ്വാഭാവിക ലാവണ്യം ഏതു വിധത്തില്‍ അക്ബറിന്റെ ഭാഷ സാക്ഷാല്‍ക്കരിച്ച കാലം അദ്ദേഹത്തെ വിലമതിക്കാന്‍ പോകുന്നതും ലളിതസുന്ദരമായ ഈ ആഖ്യാനരീതിയുടെ പേരിലായിരിക്കും.
Next Story

RELATED STORIES

Share it