റോഡില്‍ യുവാവിനെ വെട്ടിക്കൊന്നു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

Update: 2018-09-26 14:40 GMT


ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിലാണ് സംഭവം. രമേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ രണ്ടുപേര്‍ പിന്തുടര്‍ന്ന് അക്രമിക്കുന്നതും ഇയാള്‍ റോഡില്‍ വീഴുന്നതും പോലീസ് സംഭവം നോക്കി നില്‍ക്കുന്നതുമെല്ലാമാണ് ദൃശ്യങ്ങളിലുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായാണ് രമേഷിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി മുറിവേറ്റ് രക്തം വാര്‍ന്ന് യുവാവ് മരിക്കുന്നത് വരെ അക്രമികള്‍ സ്ഥലത്ത് തുടര്‍ന്നു. മരണം ഉറപ്പിച്ച ശേഷം ആയുധം ഉയര്‍ത്തിക്കാട്ടി ഇവരുടെ ആഹ്ലാദപ്രകടനങ്ങളും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം പോലീസുകാര്‍ അക്രമം തടയുന്നതിന് പകരം കാഴ്ചക്കാരായി നോക്കിനിന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധമെടുക്കാന്‍ പോയെന്നാണ് പോലീസിന്റെ വാദം. അക്രമത്തിനിടെ മറ്റൊരു പോലീസ് വാഹനം ജനക്കൂട്ടത്തിനിടയിലൂടെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അക്രമം തടയാന്‍ അവരും തയ്യാറായില്ല.