കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സന്യാസിനി സഭക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

Update: 2018-09-15 15:13 GMT

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി ജോസഫെയ്‌ന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പീഡന കേസുകളില്‍ ഇരയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ കന്യാസ്ത്രീയെ അപമാനിച്ചവര്‍ക്കെതിരെ നിയമസംവിധാനങ്ങള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ പരസ്യപ്പെടുത്തിയത്. സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് മിഷണറീസ് ഓഫ് ജീസസിന്റെ വാര്‍ത്താക്കുറിപ്പിനൊപ്പം ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പീഡനം നടന്നതായി പറയുന്ന കാലയളവില്‍ പരാതിക്കാരി ബിഷപ്പിനൊപ്പം വീടു വെഞ്ചരിപ്പിനെത്തിയ ചിത്രമാണ് സന്യാസിനി സഭ പുറത്ത് വിട്ടത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആള്‍ക്കൊപ്പം സന്തോഷവതിയായി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പീഡനം നിഷേധിക്കുന്നത്.
ലൈംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ വെല്ലുവിളിച്ചാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.