വിവാഹേതര ബന്ധത്തിന് കോടതി സംരക്ഷണമുണ്ടെന്ന് ഭര്‍ത്താവ്; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

Update: 2018-10-01 07:42 GMT

ചെന്നൈ: 497ാം വകുപ്പ് റദ്ദാക്കിയുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍, തന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്യാന്‍ ഭാര്യക്ക് അവകാശമില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. ചെന്നൈ എംജിആര്‍ നഗരറില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തിലാണ് സെക്യൂരിറ്റി ജീവനക്കാരാനായ ഭര്‍ത്താവ് തന്റെ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. രണ്ട് വര്‍ഷം മുമ്പാണ് ഭാരതി നഗര്‍ സ്വദേശികളായ പുഷ്പലത(24)യും ജോണ്‍ പോള്‍ ഫ്രാന്‍ക്ലിനും(27) വിവാഹിതരായത്. പ്രണയ വിവാഹമായതിനാല്‍ വീട്ടുകാരുടെ കടുത്ത എതിര്‍പ്പുകള്‍ക്ക് ഒടുവിലായിരുന്നു വിവാഹം. എന്നാല്‍ ഭാര്യക്ക് ക്ഷയരോഗം ബാധിച്ചതോടെ ഇയാള്‍ ഭാര്യയില്‍ നിന്ന് അകന്നു കഴിയാന്‍ തുടങ്ങി. ഇതിനിടെയാണ് തന്റെ ഭാര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് പുഷ്പലത സുഹൃത്തില്‍ നിന്ന് അറിയുന്നത്. ഭര്‍ത്താവ് രാത്രി വീട്ടില്‍ വൈകിയെത്താന്‍ തുടങ്ങിയതോടെ സംശയം ശക്താമായി. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഫ്രാന്‍ക്ലിനെതിരേ പോലിസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. ഇതോടെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി, തനിക്കെതിരേ പരാതി നല്‍കാനാവില്ലെന്ന് ഫ്രാന്‍ക്ലിന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പുഷ്പലത ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. ഭര്‍ത്താവ് ഭാര്യയുടെ യജനമാനനല്ല. തുല്യത ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. 497ാം വകുപ്പ് വിവേചനപരമാണെന്നും നിരീക്ഷിച്ചാണ് കോടതി വകുപ്പ് റദ്ദാക്കിയത്. അതേസമയം ഇണയുടെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളികളാരെങ്കിലും ആത്മഹത്യ ചെയ്താല്‍ അത് ആത്മഹത്യാ പ്രേരണക്ക് കാരണമായ കരാര്‍ ലംഘനമായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Similar News