തമിഴ്‌നാട് ബിജെപി പ്രസിഡന്റിനെതിരേ മുദ്രാവാക്യം വിളിച്ച എഴുത്തുകാരിയെ അറസ്റ്റ് ചെയ്തു

Update: 2018-09-04 04:13 GMT
തൂത്തുക്കുടി: തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപിക്കെതിരേ മുദ്രാവാക്യം വിളിച്ച എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ
ലൂയിസ് സോഫിയയെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെതിരെയാണ് മുദ്രാവാക്യം വിളിച്ചത്. വിമാനത്താവളത്തില്‍ ലഗേജിനായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടേയെന്നാണ് അവര്‍ ഉറക്കെ വിളിച്ച് പറഞ്ഞത്.പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരില്‍ ആണ് കേസെടുത്തത്.



തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.അറസ്റ്റിലായ സോഫിയയെ പിന്നീട് വിട്ടയച്ചു. ബിജെപിക്കെതിരേ പറയുന്നവരെ അറസ്റ്റ് ചെയ്യാനാണ് പദ്ധതിയെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് സോഫിയ ഇതിനോട് പ്രതികരിച്ചത്.