വാര്‍ത്താസമ്മേളനം നടത്തിയല്ല കേരളം സഹായം ചോദിക്കേണ്ടതെന്ന് അരുണ്‍ ജയ്റ്റ്‌ലി

Update: 2018-09-05 17:19 GMT


ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കുമെന്നും വാര്‍ത്താ സമ്മേളനം നടത്തിയല്ല സഹായം ചോദിക്കേണ്ടതെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേരളത്തിന് എല്ലാ സഹായവും കേന്ദ്രം നല്‍കി. ഇത് ഞങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ പിന്തുണ കേന്ദ്രം നല്‍കും. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ സഹായം ചോദിച്ചു. അത് നല്‍കിയില്ല എന്ന നിലപാട് ശരിയല്ലെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. എന്തെങ്കിലും മൂലധനം ഉള്ളവര്‍ക്കാണ് നഷ്ടം പറ്റിയിരിക്കുന്നത്. അവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിന് ബാങ്കുകള്‍ ലോണുകള്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ ഈ പരാമര്‍ശം. ഇനിയുള്ള പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. താനും ആഭ്യന്തരമന്ത്രിയും കൃഷിമന്ത്രിയും ഉള്‍പ്പെട്ട സമിതി കൂടുതല്‍ സഹായം അനുവദിക്കും. ബാങ്കുകള്‍ക്ക് ഉദാരമായി വായ്പ നല്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൗസിംഗ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.
ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവും സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. ആഭ്യന്തര കാരണങ്ങളല്ല ഈ പ്രതിഭാസത്തിന് പിന്നില്‍. പരിഭ്രാന്തി വേണ്ടെന്നും ജയ്റ്റിലി.

Similar News