അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യൂസിസി

Update: 2018-10-13 12:15 GMT


കൊച്ചി : മീ ടു ക്യാംപയിന്റെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ നേതാക്കള്‍. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇരകളുടെ പക്ഷത്ത് നിന്ന് അതിക്രമം നടത്തിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശക്തമായ നിലപാടെടുക്കുമ്പോള്‍ കേരളത്തില്‍ താരസംഘടന ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും നല്‍കാതെ കേസിലെ പ്രതിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തങ്ങളുടെ വ്യക്തിത്വം പോലും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും തങ്ങളുടെ പേര് പോലും പറയാന്‍ പോലും തയ്യാറാകാതെ നടിമാര്‍ എന്ന് വിശേഷിപ്പിച്ച് അപമാനിക്കുകയാണ് ചെയ്തതെന്നും പാര്‍വതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ പത്മപ്രിയ അര്‍ച്ചന പത്മിനി എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ രേവതി ആരോപിച്ചു.
കുറ്റാരോപിതന്‍ സംഘടനയുടെ അകത്തും പീഡനം അനുഭവിച്ച ആള്‍ പുറത്തും-ഇതാണോ നീതി? രേവതി ചോദിച്ചു.

ആക്രമണത്തെ അതിജീവിച്ച നടിയെ നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.

മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം ഒരു യുവ നടി വാര്‍ത്താസമ്മേളനത്തില്‍ പങ്കു വച്ചു. സംഭവത്തെക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയെന്നും എന്നാല്‍ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും അവര്‍ ആരോപിച്ചു.