കുടി വെള്ളം തെളിനീരാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കര്‍മ്മ പദ്ധതി

Update: 2018-09-06 12:19 GMT


തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ കുടിവെള്ളം തെളിനീരാക്കാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കര്‍മ്മ പദ്ധതി. ഇതിനായി വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയതോടെ കുടിവെള്ള സ്രോതസുകള്‍ ഗുണനിലവാര പരിശോധന നടത്താന്‍ പരിശീലനം സിദ്ധിച്ച വളണ്ടറിയര്‍മാരെ തദ്ദേശ വകുപ്പ് രംഗത്ത് ഇറക്കും.
നിലവില്‍ 240482 കിണറുകളാണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരിക്കാനുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ തിരുവല്ല, വൈക്കം അങ്ങാടി, നോര്‍ത്ത് പറവൂര്‍, ചെങ്ങന്നൂര്‍, ചാലക്കുടി, കല്‍പ്പറ്റ മുന്‍സിപാലിറ്റികളിലും, റാന്നി അങ്ങാടി, തിരുവാര്‍പ്പ്, കാലടി, തലവടി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലുമായി 11500 കിണറുകളുടെ ഗുണനിലവാര പരിശോധന നടത്തും. ഇതിനായി സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ 1200 എന്‍.എസ്,എസ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെ പൂര്‍ത്തീകരിച്ചു.
മൊബൈല്‍ ആപ്പഌക്കേഷന്‍ വഴിയാണ് കുടിവെള്ള സ്രോതസുകളുടെ വിവരം ശേഖരിക്കുക. കുടിവെള്ള ശുചീകരണത്തിനായി ഫീല്‍ഡ് കിറ്റുകള്‍ക്കും രൂപം തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് 200ഓളം കുടിവെള്ള സ്രോതസുകള്ളിലെ വെള്ളം പരിശോധിക്കാന്‍ സാധിക്കും. കുടിവെള്ള സ്രോതസുകളിലെ കോളിഫോം ബാക്ടീരിയുള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളെ കണ്ടെത്താന്‍ ഈ കിറ്റുകള്‍ക്ക് കഴിയും. ഫീല്‍ഡ് കിറ്റ് ഉപയോഗിച്ച് കുടിവെള്ള ത്തിന്റെ ഗുണനിലവാരം തൃപ്തികരമായ സ്ഥിതിയില്‍ എത്തിയില്ലെങ്കില്‍ വീണ്ടും ക്ലോറിനേഷന്‍ നടത്താനാണ് പദ്ധതി.സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, വാട്ടര്‍ അതോറട്ടി, ഹരിതമിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവര്‍ ഈ കര്‍മ്മ പരിപാടിയില്‍ ഭാഗമാകും. സംസ്ഥാനത്തിന്റെ കുടിവെള്ള ശ്രോതസ്സുകളുടെ പരിശോധനകള്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്നും, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മികച്ച ഇടപെടല്‍ നടത്തുമെന്നും വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

Similar News