'യു.പി സര്‍ക്കാര്‍ ജനങ്ങളുടെ പണമെടുത്ത് അവരെ തന്നെ കൊല്ലുകയാണ്'; യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സ്വന്തം മന്ത്രി

Update: 2018-10-02 14:22 GMT


യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം മന്ത്രിസഭയിലെ അംഗം തന്നെ രംഗത്ത്. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രജ്ഭറാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ക്രമസമാധാന പാലനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ' കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിക്കുന്നില്ല. ജനങ്ങളുടെ പണമെടുത്ത് അവരെ തന്നെ കൊല്ലുകയാണ് സര്‍ക്കാര്‍. ഏറ്റുമുട്ടലിന്റെ പേരില്‍ ഒരു സാധാരണ പൗരനാണ് യു.പിയില്‍ കൊല്ലപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നു. സംസ്ഥാനം സുരക്ഷിതമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സര്‍ക്കാറിനും കഴിയുന്നില്ല. ക്രമസമാധാനപാലനം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്' ഓം പ്രകാശ് പറഞ്ഞു.
ബി.ജെ.പി സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുടെ അംഗമായ ഓം പ്രകാശ്, പൊലീസുകാര്‍ കൊലപ്പെടുത്തിയ ആപ്പിള്‍ കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വിവേക് തിവാരിയുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ലക്‌നൗവിലോ ഗോമതി നഗറില്‍ കഴിഞ്ഞദിവസമാണ് വിവേക് തിവാരി എന്ന ആപ്പിള്‍ കമ്പനി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകക്കൊപ്പം കാറില്‍ വരികയായിരുന്ന വിവേക് തിവാരിയെ പോലീസ് സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. കാറിന് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്നാരോപിച്ചായിരുന്നു പൊലീസ് വെടിവെപ്പ്.

Similar News