വിയോജിക്കാനുള്ള ഇടം

Update: 2015-12-26 18:30 GMT






 

⌈ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട അവസരം വരും. അപ്പോള്‍ മൗനമവലംബിക്കുകയാണെങ്കില്‍ നശിക്കാനാവും ആ രാജ്യത്തിന്റെ വിധി. ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. സമരമുഖങ്ങളില്‍ നിവര്‍ന്നുനില്‍ക്കാന്‍ നമുക്ക് കഴിയണം⌋

 



 

ഹൃദയതേജസ്/ടി.കെ ആറ്റക്കോയ
ല മേഖലകളിലും പിന്നാക്കമായിരുന്നിട്ടും ജനാധിപത്യം കാത്തുപോരുന്നതില്‍ ശുഷ്‌കാന്തിപുലര്‍ത്തുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയോടുള്ള ആദരവും ബഹുമാനവും ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ഹൈക്കമ്മീഷണര്‍ ആയിരിക്കവേ തന്നെ അറിയിച്ചതായി കുല്‍ദീപ് നയ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തദവസരത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണെന്നു പറഞ്ഞ താച്ചര്‍ എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിന്റെ രഹസ്യം എന്ന് അദ്ദേഹത്തോട് ചോദിച്ചത്രെ.

 

കുല്‍ദീപ് നയ്യാര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു: 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെ പരിഗണിക്കുക ഒന്നുകില്‍ വെളുപ്പ് അല്ലെങ്കില്‍ കറുപ്പ് എന്ന നിലയ്ക്കല്ല. ഇന്ത്യ നിറവൈവിധ്യങ്ങളെ, വൈജാത്യങ്ങളെ സഹിഷ്ണുതാപൂര്‍വം സമീപിക്കുന്നു. പക്ഷേ, 2015 ഒക്ടോബര്‍ 31ന് എഴുതിയ ഒരു ലേഖനത്തില്‍ കുല്‍ദീപ് നയ്യാര്‍ക്ക് ഇങ്ങനെ മാറ്റിപ്പറയേണ്ടിവന്നു. 'ബഹുസ്വരതയുടെ കാലത്ത് നിന്നും ധ്രുവീകരണത്തിന്റെ കാലത്തേക്ക് ഇന്ത്യ പതിച്ചു.' റിച്ച് ലൈക്ക് അസ് എന്ന തന്റെ ഗ്രന്ഥത്തിന് ലഭിച്ച പുരസ്‌കാരം തിരിച്ചുകൊടുത്ത നെഹ്‌റുവിന്റെ പേരമകള്‍ നയാന്‍ താരാ സെഹ്ഗാളിനോട് കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ''വിയോജിക്കാനുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ വളരെ അപകടകരങ്ങളായ ചില ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ചില വിഭാഗങ്ങളുമായി രാഷ്ട്രീയസമവായമുണ്ടാക്കുക എന്ന ഘട്ടവും കഴിഞ്ഞ് തങ്ങളോട് ചേരാത്തവരെ ഉന്മൂലനം ചെയ്യാനുള്ള ഘട്ടത്തിലേക്ക് അവര്‍ പ്രവേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഘട്ടം കഴിഞ്ഞു. അവര്‍ തീര്‍ത്തും വര്‍ഗീയമായ, വംശീയമായ മുറവിളികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. വര്‍ഗീയ അജണ്ടയുടെ പ്രയോഗവല്‍ക്കരണത്തിന് സ്വന്തമായ സംവിധാനങ്ങള്‍ക്കു പകരം സര്‍ക്കാര്‍സ്ഥാപനങ്ങള്‍ തന്നെ, ഔദ്യോഗിക സ്ഥാപനങ്ങള്‍ തന്നെ ഉപയോഗിക്കുന്ന സാഹചര്യം എത്തി.


 

വര്‍ഗീയവാദികള്‍ക്ക് ഇണങ്ങിയ ഒരു സവിശേഷസാഹചര്യം ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു. പോലിസിനെയും പട്ടാളത്തെയും കോടതിയെയും ലോകത്തിലെ എല്ലാ ഭരണകൂടങ്ങള്‍ക്കും അവയ്ക്ക് കീഴില്‍ കൊണ്ടുവരാനാവും. ചരിത്രവും സംസ്‌കാരവും തങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ ലോകത്തിലെ മഹാഭൂരിപക്ഷം രാജ്യങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, അങ്ങനെ കഴിയുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മിത്തിനെ ചരിത്രമായി വാഴിക്കുന്ന രാജ്യം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളമുണ്ടായി എന്നത് ഐതിഹ്യമല്ല ചരിത്രമാണിവിടെ. ഭാഷയെ വംശീയവാദികള്‍ ദുരുപയോഗപ്പെടുത്തുന്നു. സംവരണത്തിന്റെ തത്ത്വം സമത്വമാണ്.

എന്നാല്‍, തങ്ങളുടെ സംവരണവിരുദ്ധസംഘത്തിന് അവര്‍    പേരിട്ടത് യൂത്ത് ഫോര്‍ ഇക്വാലിറ്റിയെന്നാണ്. സംസ്‌കാരങ്ങള്‍ക്കെതിരേ അവര്‍ സ്വീകരിക്കുന്ന നിലപാട് അവരുടെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാം. 'വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ക്ക് ഒന്നായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ജര്‍മനി തെളിയിച്ചു. ജര്‍മന്‍ അനുഭവത്തില്‍നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണം.'
നമ്മുടെ മുറ്റത്ത് കാലുറപ്പിക്കാന്‍ വംശീയവാദത്തിനും വര്‍ഗീയവാദത്തിനും നാം തന്നെയാണ് ഇടം കൊടുത്തത്. അവര്‍ ചുവടുകള്‍ ഓരോന്നായി ഉറപ്പിച്ചപ്പോള്‍ നാം അതിനെതിരേ ഒരക്ഷരവും ഉരിയാടിയില്ല. അവര്‍ ഇഷ്ടപ്പെടാത്ത പുസ്തകങ്ങള്‍ കത്തിച്ചു. സിനിമാശാലകള്‍ ചാമ്പലാക്കി. കലാകാരന്മാരെ ദ്രോഹിച്ചു. ചിലരെ കൊലപ്പെടുത്തി. നാം അടിമച്ചങ്ങല സ്വന്തമാക്കുകയായിരുന്നു. മുട്ടിലിഴയുകയായിരുന്നു.


 

മനുഷ്യന്‍ സ്വതന്ത്രനാവാന്‍ വിധിക്കപ്പെട്ടവനാണ് എന്നത് സാര്‍ത്രിന്റെ പ്രശസ്തമായ വാക്കാണ്. മനുഷ്യനാവണമെങ്കില്‍ സ്വതന്ത്രനാവണം. സ്വതന്ത്രനാവാന്‍ കനത്ത വില നല്‍കണം. എപ്പോഴൊക്കെ നാം മൗനികളായോ അപ്പോഴൊക്കെ അവര്‍ നമ്മിലേക്ക് നഖങ്ങള്‍ ആഴ്ത്തി, എപ്പോഴൊക്കെ നാം ശബ്ദുച്ചുവോ അപ്പോഴൊക്കെ അവര്‍ നമുക്കു പിന്നില്‍ കിതച്ചു. ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട അവസരം വരും.

അപ്പോള്‍ മൗനമവലംബിക്കുകയാണെങ്കില്‍ നശിക്കാനാവും ആ രാജ്യത്തിന്റെ വിധി. കേരളം നിരവധി സമരങ്ങള്‍ കണ്ട നാടാണ്. കുഞ്ഞാലിമാരും ടിപ്പുവും ഹൈദറും നയിച്ച സമരങ്ങള്‍, ആറ്റിങ്ങല്‍ കലാപം, ചാന്നാര്‍ ലഹള, പൂക്കോട്ടൂര്‍ യുദ്ധവും വാഗണ്‍ ട്രാജഡിയും മലബാര്‍ ഉള്‍പ്പെട്ട സമരം, വൈക്കം സത്യഗ്രഹം, പട്ടിണി ജാഥ, നിവര്‍ത്തന പ്രക്ഷോഭം, ഉത്തരവാദ പ്രക്ഷോഭം, പുന്നപ്ര വയലാര്‍... ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. സമരമുഖങ്ങളില്‍ നിവര്‍ന്നുനില്‍ക്കാന്‍ നമുക്ക് കഴിയണം.
Tags: