മീ ടൂ വിവാദം: കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു

Update: 2018-10-17 11:40 GMT


ദില്ലി: മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാംപയിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ അക്ബറിനെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് എം ജെ അക്ബറിന്റെ രാജി. രാജിവെച്ച് ആരോപണങ്ങളെ നേരിടുന്നതാണ് ഉചിതമെന്ന് എം ജെ അക്ബര്‍ പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അക്ബര്‍ വിശദമാക്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തിപരമായി തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അക്ബര്‍ പറഞ്ഞു.
നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് ആരോപണം ഉന്നയിച്ച്രത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്.
അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബും തുറന്നെഴുതി. 'മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്.
ദില്ലിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ദില്ലിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവയ്ക്കാന്‍ ഉടന്‍ ആവശ്യപ്പെടണമെന്നാവശ്യ്‌പ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ അക്ബറിനെ ബഹിഷ്‌ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു.

Similar News