പ്രളയം : ആവശ്യങ്ങള്‍ വിലയിരുത്താന്‍ യു. എന്‍ സംഘം എത്തി

Update: 2018-09-13 14:53 GMT


തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുണ്ടായ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് യു. എന്‍. ഉദ്യോഗസ്ഥര്‍ എത്തി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും യുനിസഫ് ഓഫീസുകളുടെ മേധാവി ജോബ് സക്കറിയ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യു. എന്‍. ഡി. പി) സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവരാണ് പ്രാഥമിക വിലയിരുത്തലുകള്‍ക്കായി എത്തിയത്.

17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും പ്രളയ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഒക്‌ടോബര്‍ 11നകം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ലോക ബാങ്കിന്റേയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റേയും പ്രതിനിധികള്‍ നേരത്തെ തന്നെ കേരളത്തിലെത്തി ദുരന്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. മൂന്നു സംഘങ്ങളായാണ് ഇവര്‍ സന്ദര്‍ശനം നടത്തുന്നത്. വിവിധ മേഖലകളിലെ 29 വിദഗ്ധരാണ് കേരളത്തിലെത്തിയിരിക്കുന്നത്. ആദ്യ സംഘം ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തി. രണ്ടാമത്തെ സംഘം ഇടുക്കിയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മൂന്നാം സംഘം വയനാട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. വ്യവസായ മന്ത്രി ഇ. പി. ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതി രണ്ടു തവണ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട സെക്രട്ടറിമാരില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ഉപസമിതി ശേഖരിച്ചിരുന്നു.