ഹിമാലയത്തില്‍ മഞ്ഞു പെയ്യുമ്പോള്‍

കാഴ്ചകളുടെ കുളിര് നുകര്‍ന്ന് മഞ്ഞുറഞ്ഞ സോലങ് താഴ്‌വരയിലേക്ക് സുമോ ജീപ്പ് കൂതിക്കുകയാണ്. ഹിമാലയന്‍ കുന്നുകളിലെ ജീവിതങ്ങളെ തൊട്ടറിയാന്‍ പുറപ്പെട്ട മലപ്പുറത്തെ മാധ്യമ സംഘത്തിന്റെ ഭാഗമായി ഞാനുമുണ്ട്. മഴയോടൊപ്പം അപ്രതീക്ഷിതമായാണു മഞ്ഞുവീഴ്ച.

Update: 2018-12-29 08:47 GMT

റസാഖ് മഞ്ചേരി

മനാലി താഴ്‌വരയില്‍ മഞ്ഞുപെയ്യുകയാണ്.പുലര്‍ച്ച മുതല്‍ അരിച്ചുപെയ്യാന്‍ തുടങ്ങിയ ഏപ്രീല്‍ മഴയില്‍ കുതിര്‍ന്ന് മലമ്പാതകള്‍. ബിയാസ് നദി താഴെ സമതലങ്ങള്‍ തേടി ധൃതിയില്‍ പായുന്നു. പതഞ്ഞുപുളഞ്ഞ് താഴേക്കുപായുന്ന നീര്‍ക്കുമിളകളില്‍ അസ്വാഭാവിക ശോണിമ കണ്ണിലുടക്കിയൊ... അതോ, ഹിമാലയത്തിന്റെ സ്‌നേഹ രശ്മികളോ. തണുപ്പുവീണു മരവിച്ച മസ്തിഷ്‌കആവേഗങ്ങള്‍ തോന്നിച്ച മായക്കാഴ്്ച്ചയാകുമെന്നു കരുതി. കാഴ്ചകളുടെ കുളിര് നുകര്‍ന്ന് മഞ്ഞുറഞ്ഞ സോലങ് താഴ്‌വരയിലേക്ക് സുമോ ജീപ്പ് കൂതിക്കുകയാണ്. ഹിമാലയന്‍ കുന്നുകളിലെ ജീവിതങ്ങളെ തൊട്ടറിയാന്‍ പുറപ്പെട്ട മലപ്പുറത്തെ മാധ്യമ സംഘത്തിന്റെ ഭാഗമായി ഞാനുമുണ്ട്. മഴയോടൊപ്പം അപ്രതീക്ഷിതമായാണു മഞ്ഞുവീഴ്ച. കടുത്ത വേനലില്‍ മഞ്ഞുവീഴുക... അപൂര്‍വതകളും അപ്രതീക്ഷിതങ്ങളുമാണ് ഹിമാലയം. സഞ്ചാരികള്‍ മുന്നറിയിപ്പുതന്നത് വെറുതെയല്ല.

വഴിയില്‍ സ്‌നോകോട്ടുകള്‍ ധരിക്കാനായി വണ്ടി നിര്‍ത്തി. തണുത്തു വിറയ്ക്കുന്ന മേനിയിലേക്ക് അപ്പോഴും മഞ്ഞുവീണു കൊണ്ടേയിരിക്കുന്നു. സൂര്യവെളിച്ചത്തില്‍ കറുത്തിരുണ്ട ആകാശം തെളിയുകയാണ്. ചുറ്റിലും ധവളരാശികള്‍ നിറയുന്നു. സോലങ് വാലിയിലേക്ക് ഇനിയും അഞ്ചാറു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും മഞ്ഞുവീണ് റോഡ് ബ്ലോക്കായതിനാല്‍ വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തി. മഞ്ഞുവീണ് ഘനീഭവിച്ച കോത്തി. കാഴ്ചയുടെ പുതിയ പ്രഭാതം ധവള ശോഭയേറ്റി നില്‍ക്കുന്നു. മേഘക്കൂട്ടില്‍ നിന്ന് തുടലുപ്പൊട്ടിച്ച മഞ്ഞു കട്ടകള്‍ ദേഹത്തു പതിക്കുമ്പോള്‍ അത് ആകാശത്തിന്റെ കിന്നാരം പറച്ചില്‍ പോലെ മൃതുലം. തൊട്ടടുത്ത കുന്നിലേക്ക് സഞ്ചാരികളോടൊപ്പം നടന്നപ്പോള്‍ കാലിനടിയിലൂടെ തണുപ്പ് അരിച്ചുകയറുന്ന വേദന. കണ്ണുകളെ വിസ്മയിപ്പിച്ച കാഴ്ചയുടെ കുങ്കുമം ഒപ്പിയെടുക്കുമ്പോഴും ഹൃദയത്തിലെവിടെയോ ചോരചാറിയോ. മഞ്ഞിലെ ആനന്ദങ്ങളെ പേരറിയാത്ത നൊമ്പരം പോലെ അതു നിറം കെടുത്തുന്നു.


നാലു ഡ്രിഗ്രി തണുപ്പ്. പ്രഭാതത്തിലെ വെയില്‍ കൊള്ളികളില്‍ ഇത്തിരിപ്പോലും ഉഷ്ണം ബാക്കിയില്ല. മരവിച്ചു വേദനിക്കുന്ന കാലുകളുമായി കുന്നിറങ്ങി താഴെയുള്ള ലദാകി ദാബയിലേക്ക് പഞ്ഞുകയറി. വൂളന്‍ കോട്ടിട്ട സുന്ദരികളായ ലദാക്കി പെണ്‍കുട്ടികള്‍ പകര്‍ന്നു തന്ന ചൂടുചായ നുകരുമ്പോള്‍ കേട്ട വാര്‍ത്തയില്‍ നിന്നാണ് ഹൃദയം അറിയാതെ വേദനിച്ചതിന്റെ കാരണം തിരിച്ചറിഞ്ഞത്. മഞ്ഞുമലകള്‍ക്കു താഴെ കഠ്‌വയില്‍ ആ ഇടയബാലിക ചീന്തിയെറിയപ്പെട്ട കഥയുടെ പൊരുളുകള്‍ ഇന്നാണ് പുറംലോകമറിഞ്ഞത്. അപര വിദ്വേഷത്തിന്റെ മൃഗീയത പാതാളത്തോളം ആണ്ടുപോയപ്പോള്‍ ഒരു എട്ടുവയസുകാരിയുടെ മാനവും ജീവനും ദേവസ്ഥാനത്തു വച്ച് കുരുതിയായിരിക്കുന്നു. ഇടയബാലികയുടെ മതമായിരുന്നുവത്രേ കൊടും ക്രൂരതക്ക് പ്രചോദകം.

സാര്‍ ബിസ്‌ക്കട്ട്... ലദാക്കി സുന്ദരിയുടെ വശ്യമായ ശബ്ദം കേട്ട് ചിന്തകളില്‍ നിന്ന് മടങ്ങി. പുറത്തെ നിറക്കാഴ്ചയിലേക്ക് കണ്ണുകള്‍ പാഞ്ഞുപോകുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ആറോ ഏഴോ തവണ മാത്രമാണ് ഏപ്രീല്‍ മാസത്തില്‍ മനാലിയില്‍ ഒന്നോരണ്ടോ ദിവസം മഞ്ഞു വീഴ്ചയുണ്ടായിട്ടുള്ളതത്രേ.

'ജല്‍ദി, ജല്‍ദി. ഊപ്പര്‍ സ്‌നോ ഫാള്‍ ഹോരാഹേ.. രാസ്ത ബന്ദ് ഹോ ജായേഗാ...

ദസ് സാല്‍സെ ഐസാ ബറഫ് ബാരി സിര്‍ഫ് ചെ-സാത് ബാര്‍ ഹുവ ഹെ.

ആപ്പ് ലക്കി ടൈംപെ ആയാഹെ.'

പുറപ്പെടാനായി സുമോ ജീപ്പിലേക്ക് കയറിയപ്പോള്‍ ഡ്രൈവര്‍ ബുരി സിങ് പറഞ്ഞ വാക്കുകളാണിത്. ശരിയാണ്, ആഴ്ചകള്‍ കാത്തു നിന്ന് മഞ്ഞിന്റെ തരിമ്പുകാണാതെ പാലക്കാട് പ്രസ്‌ക്ലബില്‍ നിന്നുള്ള മാധ്യമ സംഘം രണ്ടു ദിവസം മുമ്പാണു ചുരമിറങ്ങിയത്. മലമുകളില്‍ മഞ്ഞു പെയ്യുന്നുവെന്ന പ്രസ്താവന അവിശ്വസനീയതയോടെ കേട്ടിരുന്നപ്പോള്‍ റോഡ് മുങ്ങിപ്പോകുമാറ് മഞ്ഞ് വീഴുമെന്നു പ്രതീക്ഷിച്ചില്ല.

മഞ്ഞു കുപ്പായമിട്ട ഹിമാലയന്‍ ശ്വാനന്മാര്‍ ആളനക്കം വകവയ്ക്കാതെ മഞ്ഞില്‍ കടിപിടികൂടുന്നു. താഴ്‌വരയുടെ അങ്ങേ ചെരുവില്‍ മഞ്ഞില്‍ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റങ്ങളും ഇടയന്മാരും. മഞ്ഞുമൂടാതെ ബാക്കിയായ പച്ചില നാമ്പുകള്‍ക്കുവേണ്ടി പരക്കം പായുകയാണവ. മഞ്ഞു വീഴാത്ത താഴ്‌വരകള്‍ തേടി ആടുകളെയും കൊണ്ട് കുന്നിറങ്ങുന്ന ഇടയരുടെ ജീവിതം വിചിത്രമാണ്. കഠ്‌വ പെണ്‍കുട്ടിയുടെ ഗോത്രവും ഇടയ ജീവിതം നയിക്കുന്നവരാണ്. ഗുജ്ജര്‍ ബക്കര്‍വാല എന്ന ഹിമാലയന്‍ ഇടയ-നാടോടി ഗോത്രം.

ഹിമഗിരിയിലെ ബക്കര്‍വാലകള്‍

സോലങിനു താഴെ കോത്തിയിലെ ലദാക്കി ദാബക്കുമുകളില്‍ മഞ്ഞുകന്നത്തു പെയ്യുന്നുണ്ടെങ്കിലും ഇപ്പോഴെനിക്കു തണുക്കുന്നില്ല. നാവരിയപ്പെട്ട നീതിയുടെ ശബ്ദമാണോ ഹിമാലയന്‍ കുന്നുകളില്‍ ഇടിമുഴക്കങ്ങളായി കേള്‍ക്കുന്നത്. വാര്‍ത്തയിലെ വേദനതിന്നു കുന്നിറങ്ങുമ്പോള്‍ ബക്കര്‍വാലകളുടെ ഗതികേടിന്റെ ആഴത്തെക്കുറിച്ച് ഓര്‍ത്തുപോയി.

സ്വന്തമെന്നു പറയാന്‍ മഞ്ഞുസ്വപ്നങ്ങളും മലമ്പാതകളുമല്ലാതെ ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ഹിമാലയന്‍ നാടോടികള്‍. മൂന്നുമാസം ഹിമാലയത്തിന്റെ ഉച്ചിയിലും മൂന്നുമാസം താഴ്‌വരകളിലുമായി കഴിഞ്ഞു കൂടുന്ന ഗുജ്ജാര്‍ ബക്കര്‍വാലകള്‍. ഹിമം വീണ് കുതിര്‍ന്ന കുന്നുകളിലെ ആ നിഷ്‌കളങ്ക അജപാലകര്‍ ആരുടെ സ്വസ്തതയിലാണ് കടന്നു കയറുക. ആര്‍ക്കും സ്വന്തമല്ലാത്ത ഹിമാലയന്‍ കാടുകളിലൂടെയാണ് അവരുടെ സഞ്ചാരം. ദേവദാരുക്കളും, ചിനാര്‍ മരങ്ങളും അതിരിടുന്ന കാട്ടു ചോലകളുടെ കരകളിലാണ് അവരുടെ അന്തിയുറക്കം. പരിഷ്‌കൃതരുടെ നാഗരിക നാട്ട്യങ്ങളെ തൊട്ടുതീണ്ടാന്‍ അവര്‍ വരാറില്ല. അവര്‍ക്ക് പാര്‍ക്കാന്‍ ഹിമാലയന്‍ കുന്നുകളുണ്ട്. നടക്കാന്‍ മഞ്ഞുവരമ്പിട്ട കാനന വഴികളും. മനാലിയിലേക്കുള്ള വഴിയില്‍ കാലികളെയും കൊണ്ട് മലമ്പാതകള്‍ താണ്ടുന്ന ഗുജ്ജറുകളെ നിരവധി കണ്ടു. ബിയാസ് നദിയുടെ ഓരങ്ങളില്‍ ആടുകളും കുതിരകളും മേഞ്ഞു നടക്കുന്ന കാഴ്ചയ്ക്ക് വല്ലാത്ത വന്യതയുണ്ട്. തോക്കുകള്‍ തോളില്‍ തൂക്കി ദവ്ള്‍ദാര്‍ ഹിമക്കുന്നുകള്‍ മുറിച്ചു കടക്കുന്ന ഹിമാചലിലെ ഗുജ്ജറുകള്‍ക്ക് സൈന്യത്തെയോ മറ്റോ പോടിക്കേണ്ടതില്ല. പക്ഷേ, കശ്മീരിലെ മുസ്്‌ലിം ഗുജ്ജറുകളായ ബക്കര്‍വാലകളുടെ ജീവിത സാഹചര്യം മറ്റൊന്നാണ്.


ജമ്മുവില്‍ നിന്ന് കശ്മീര്‍ താഴ്‌വരയിലേക്കുള്ള ബനിഹാല്‍ പാതയിലൂടെ ആട്ടിന്‍ പറ്റങ്ങളെയും തെളിച്ച് നടന്നു നീങ്ങുന്ന ഇടയ സംഘങ്ങളെ അഞ്ചു വര്‍ഷം മുമ്പ് ഒത്തിരി കണ്ടിരുന്നു. കഴുതകളും കുതിരകളും കന്നുകാലികളും. പിന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കുടുംബവും. ഭാണ്ഡക്കെട്ടുകളുമായി ദുര്‍ഘടവും വന്യവുമായ മലമ്പാതകളെ മുറിച്ചുകടന്ന് കുന്നിറങ്ങി വരുന്ന ആകാഴ്ച വല്ലാത്ത കൗതുകമായിരുന്നു. പാറിപ്പറന്ന തലമുടിയും മുശിഞ്ഞ വസ്ത്രങ്ങളും ദീര്‍ഘയാത്രയുടെ അടയാളമായി കനത്തകോടകാറ്റില്‍ ആടിയുലയുന്നു. ചിനാര്‍ മരങ്ങളുടെ നിഴല്‍പറ്റി നടന്നു നീങ്ങുന്ന അവരെ കാട്ടുമനുഷ്യര്‍ എന്നു വിളിച്ചാലും തെറ്റില്ല. ആപ്പിള്‍ വര്‍ണ്ണംപോറിയ മേനിയില്‍ കൊടും തണുപ്പ് സമ്മാനിച്ച വെള്ളരേഖകളല്ലാതെ മറ്റൊന്നും ഭംഗികെടുത്തുന്നില്ല. മേനി വിണ്ടുകീറുന്ന കൊടും തണുപ്പില്‍ പീര്‍ പാഞ്ചലും, ബനിഹാള്‍ പാതയും താണ്ടി കഠ്‌വയിലും രസനയിലും ദോദയിലും കിശ്ത്‌വാറിലുമെല്ലാം അവരെത്താറുണ്ട്. തങ്ങളുടെ കന്നുകാലികള്‍ക്ക് മേയാന്‍ ഇത്തിരി പച്ചപ്പു തേടിയാണ് അവര്‍ കുന്നിറങ്ങിവരുന്നത്. ഒന്നരമുതല്‍ മൂന്നുമാസത്തോളം നീണ്ട് നില്‍ക്കുന്ന മലയിറക്കം കഴിഞ്ഞ് അല്‍പകാലം താഴ്‌വരയില്‍ തങ്ങും. അപ്പോഴേക്കും വേനല്‍വന്ന് താഴ്‌വരയിലെ പച്ചപ്പ് കരിഞ്ഞുതുടങ്ങും. വീണ്ടും ഹിമാലയത്തിന്റെ മുകളിലേക്ക് ആടുകളെയും തെളിച്ച് കൊണ്ടുള്ള യാത്ര. മഞ്ഞുവീണുതുടങ്ങിയാല്‍ താഴ്‌വരയിലേക്ക് തിരിച്ചിറക്കം. ഈ ആരോഹണാവരോഹണങ്ങള്‍ക്കിടയിലെ ജനി-മൃതികളാണ് ഗുജ്ജാര്‍ ബക്കര്‍വാലകളുടെ ജീവിതം. ജമ്മു കശ്മീരിലെ ലദാക്ക്, പീര്‍പാഞ്ചല്‍ റേഞ്ചുകളില്‍ കാണുന്ന ഈ ഇടയ ഗോത്രങ്ങളാണ് ഗുജ്ജാര്‍ ബക്കര്‍വാലകള്‍. നൂറ്റാണ്ടുകളായി ഇസ്‌ലാം മത വിശ്വാസികളായ ഇവര്‍ ബക്കര്‍വാലകള്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. സിക്ക്, ഹിന്ദു മത വിഭാഗക്കാരായ ഇടയ ഗ്രോത്രങ്ങള്‍ ഗുജ്ജാറുകള്‍ എന്നാണ് വിളിക്കപ്പെടാറ്.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലുള്ളത്.

ജമ്മുവിലെ ദോദ, കഠ്‌വ, രജൗറി, രസന, കിശ്ത്‌വാര്‍ എന്നിവിടങ്ങളിലും ഇവരെ കാണം. ഉത്തരാഖണ്ഡില്‍ മുസ്്‌ലിം ഇടയ സംഘങ്ങളും നിരവധിയുണ്ട്. കശ്മീരിലും ലഡാക്കിലും ആടുകളെയാണ് വളര്‍ത്താറെങ്കില്‍ ഉത്തരാഖണ്ഡില്‍ പോത്തുകളെയാണ് കൂടുതലായി വളര്‍ത്താറ്. ഇതില്‍ മിക്ക ആളുകള്‍ക്കും ദേരകള്‍ എന്ന പേരില്‍ സ്ഥിരം വാസസ്ഥലങ്ങളുമുണ്ട്. ഒരു കുടുംബത്തെയാണ് ദേരയെന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതിനു ശേഷം കാലികളെയും കൊണ്ടു സഞ്ചരിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി പത്രം വേണമെന്ന നിയമം കൊണ്ടുവന്നു. ഗോരക്ഷകരുടെ പേരിലുള്ള ആക്രമണങ്ങളും കൊള്ളയും ജമ്മുവില്‍ പതിവ് സംഭവമായി. സംസ്ഥാനവും പിഡിപി സഖ്യത്തിലുള്ള ബിജെപിയുടെ അധീനതയിലായതോടെ പീഡനങ്ങളും നിയമക്കുരുക്കുകളും ഒന്നു കൂടെ വര്‍ദ്ധിച്ചു. പലപ്പോഴും പോലിസിന്റെ ഭാഗത്തു നിന്ന കടുത്ത നീതിനിഷേധം ഇവര്‍ നേരിടേണ്ടി വരാറുമുണ്ട്.

സഞ്ചരിക്കുന്ന ഇടയ വിദ്യാലയങ്ങള്‍

വിദ്യാഭ്യാസപരമായും മറ്റും വളരെ പിന്നാക്കം നില്‍ക്കുന്ന സഞ്ചാരി ഗോത്ര ഇടയവര്‍ഗ്ഗമായ ഗുജ്ജാറുകളുടെ പ്രകൃതിജീവന രീതികണ്ടാല്‍ പരിഷ്‌കൃത സമൂഹംപോലും നാണിച്ചുപോകും. കാടുകളിലും മലഞ്ചെരുവുകളിലും ജീവിക്കുന്ന കശ്മീരിലെ ഗുജ്ജാര്‍ ബക്കര്‍വാലകള്‍ വിറകാവശ്യത്തിന് പോലും വനത്തിലെ മരങ്ങള്‍ കത്തിയോ കോടാലിയോ കൊണ്ട് മുറിക്കാറില്ല. ഉണങ്ങിവീഴുന്ന മരത്തടികളും കൊമ്പുകളും പെറുക്കിയെടുത്ത് മാത്രമേ ഇവര്‍ വിറകാക്കാറുള്ളു. വനത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്ന തരത്തില്‍ അവയെ വെട്ടാന്‍ പാടില്ലെന്നാണ് ബക്കര്‍വാലകളുടെ നിലപാട്. സഞ്ചാരികളായ ഇവര്‍ വേനല്‍കാലത്ത് പീര്‍പഞ്ചല്‍ മലയുടെ മുകളിലേക്ക് തങ്ങളുടെ ആട്ടിന്‍ പറ്റങ്ങളേയും കൊണ്ട് യാത്രയാവും. ശൈത്യകാലമാകുന്നതോടെ മലയിറങ്ങി താഴ്‌വരയിലേക്കുതന്നെ തിരിച്ചെത്തും. പാക്കിസ്ഥാനിലെ നഗ്ഗപര്‍വതത്തില്‍ നിന്ന് തുടങ്ങി തിബത്തിലെ നമ്ചബര്‍വ മലകളില്‍ അവസാനിക്കുന്ന 2400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയം. നാടോടി ഇടയ ഇടയഗോത്രങ്ങളുടെ ജീവിതത്തോട് ഇഴചേര്‍ത്തതാണ് ലോകത്തിന്റെ ഈ മേലാപ്പ്. പണ്ട് കശ്മീരില്‍ കണ്ട ഇടയജീവിതവും ഇപ്പോള്‍ കണ്‍ മുമ്പിലൂടെ നടന്നു നീങ്ങുന്ന കുല്ലുവിലെയും മണ്ടിയിലെയും ഇടയ ജീവിതവും ഒന്നുതന്നെ. മഞ്ഞും മലകളും കനത്ത കോടക്കാറ്റും.പിന്നെ ഹിമാലയത്തിന്റെ കുളിരും.


നൂറുക്കണക്കിന് ആടുകളും കുതിരകളും കഴുതകളും കാവല്‍ നായ്ക്കളുമെല്ലാമായി മലമടക്കുകളിലൂടെ നടന്നു നീങ്ങുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ബക്കര്‍വാലകളുടെ വിവിധ സംഘങ്ങളെ ജമ്മു -ശ്രീനഗര്‍ ദേശീയ പാതയില്‍ പലയിടത്തും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. നവംബറിലെ കൊടും ശൈത്യകാലത്ത് മലയിറങ്ങിക്കൊണ്ടിരിക്കുകയാണവര്‍. 2300 ഉം 400 ഉം കിലോമീറ്ററുകള്‍ താണ്ടിയാണ് ഒന്നര മാസത്തോളം നീണ്ട് നില്‍ക്കുന്ന ഇവരുടെ യാത്ര. ഒരോ ദിവസവും രാത്രി വിശ്രമിക്കും. പുലര്‍ച്ചെ ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടരും. മൂന്നുമാസം ഇങ്ങിനെ യാത്രയിലായിരിക്കും ഇവര്‍. ബാക്കി ഒമ്പതു മാസത്തില്‍ പകുതി താഴ്‌വരയിലും പകുതി മലമുകളിലുമായി കഴിച്ചുകൂട്ടും. സ്ഥിരം വാസസ്ഥലങ്ങളില്ലാത്ത ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സഞ്ചരിക്കുന്ന വിദ്യാലയങ്ങള്‍ തന്നെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നാലരമാസം താഴ്‌വരയിലും നാലരമാസം മലമുകളിലുമായിരിക്കും ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. മുമ്പ് യാത്ര വേളകളില്‍ കൂടെ പോരാറുണ്ടായിരുന്ന അധ്യാപകരില്‍ പലരും ഇപ്പോള്‍ സ്ഥിര കേന്ദ്രത്തിലെത്തിയതിനുശേഷം അങ്ങോട്ട് വാഹനമാര്‍ഗ്ഗം എത്തിച്ചേരാറാണ്.

കശ്മീരിലെ ജനസംഖ്യയുടെ 11 ശതമാനത്തിലധികം ജനങ്ങള്‍ ഗോത്രവര്‍ഗ്ഗക്കാരാണ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം വരും ഇത്. ഇതില്‍ എട്ടര ശതമാനം ഗുജ്ജാര്‍ ബക്കര്‍വാലകളുമാണ്. നമ്മുടെ നാട്ടിലെ ആദിവാസി ഊരുകളിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പോലെയാണ് സഞ്ചരിക്കുന്ന സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണ രേഖക്കു സമീപത്തെ ലഡാക്ക്,കാര്‍ഗില്‍,ലേഹ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കാറുള്ള സംഘങ്ങളെ വിഘടനവാദികളുടെ സാനിധ്യം പലപ്പോഴും പ്രയാസപ്പെടുത്താറുണ്ട്. കരടികള്‍, ഹിമാലയന്‍ പുലികള്‍, ചെന്നായകള്‍ എന്നിവയില്‍ നിന്നു രക്ഷതേടാനായി തോക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ളവരാണ് ബക്കര്‍വാലകള്‍. സായുധ വിഘടനവാദം ശക്തമായതിനാല്‍ കശ്മീരില്‍ തോക്കുകളുമായി യാത്ര ചെയ്യാന്‍ ഇവര്‍ക്ക് കഴിയാറില്ല. ദൂരെ നിന്ന വീക്ഷിക്കുന്ന സൈന്യം തീവ്രവാദികളാണെന്നു കരുതിയും വിഘടനവാദികള്‍ സൈന്യമാണെന്നു കരുതിയും ഇവരെ ആക്രമിച്ചേക്കും. മയക്കുമരുന്ന് കടത്ത് സംഘങ്ങളും വിഘടനവാദികളും സൈന്യവുമെല്ലാം ചൂഷണം ചെയ്യുന്നതും ആടുകളെ കവരുന്നതും മറ്റൊരു പ്രതിസന്ധി. ചുരം റോഡുകളില്‍ അമിത വേഗതയിലെത്തുന്ന ട്രക്കുകള്‍ ആട്ടിന്‍കൂട്ടത്തിലിടിക്കുന്നത് മറ്റൊരു പ്രശ്‌നം. മലമ്പാതയില്‍ വച്ച് രോഗം ബാധിക്കുന്നവര്‍ കൃത്യമായ ചികില്‍സ കിട്ടാതെ മരിക്കുന്ന സംഭവങ്ങള്‍ ഇവര്‍ക്കിടയില്‍ സാധാരണമാണ്. ആചാരാനുഷ്ടാനങ്ങളും ജീവിത ശൈലിയും കൊണ്ട് വ്യത്യസ്തരായ ഒരു ജനത.

ദേവദാരുക്കാട്ടിലെ ഹിഡിബ്ബ ക്ഷേത്രം

വടക്കു പടിഞ്ഞാറന്‍ ഹിമാലയത്തിലെ ദവള്‍ദാര്‍ റേഞ്ചില്‍ 12 ജില്ലകളുമായി ഹിമാചല്‍ പ്രദേശ് സംസ്ഥാനം. ഇവിടെ നിന്ന് റോഹ്താങ് പാസ് മുറിച്ചു കടന്നാല്‍ ലേഹിലും പിന്നെ ലദാക്കിലുമെത്താം. മൃതദേഹങ്ങളുടെ പാത എന്നാണ് റോഹ്താങ് പാസ് എന്നാല്‍. പാത മുറിച്ചുകടക്കും മുമ്പ് മഞ്ഞിടിഞ്ഞ് നിരവധി യാത്രികര്‍ മരിച്ചുപോയിട്ടുണ്ടത്രേ. കുല്ലു ജില്ലാ പ്രസ് ക്ലബില്‍ ലഭിച്ച സ്വീകരണത്തിനിടെ കഴിഞ്ഞ സീസണില്‍ റൊഹ്താങ് ലായിലെ മഞ്ഞു വീഴ്ചയില്‍ ജീവന്‍ പൊലിഞ്ഞ ഫോട്ടോഗ്രാഫറുടെ കഥ പ്രസ്‌ക്ലബ് പ്രസിഡന്റ് ധനേഷ് ഗൗതം പറഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ലദാക്കിനു താഴെ പീര്‍പാഞ്ചല്‍ പര്‍വതങ്ങളുടെ താഴ്‌വരയിലാണ് ജമ്മു. ഇവിടെ, മനാലിയില്‍ ഏപ്രീല്‍ മാസത്തില്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഞ്ഞു കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ അവിടെ,ജമ്മു-കശ്മീരില്‍ പ്രതിഷേധത്തിന്റെ നെരിപ്പോടുകള്‍ എരിയുകയാണ്. ഇതിഹാസ കഥകളിലെ മനാലിക്കും നൊമ്പരങ്ങളുടെ കഥപറയാനുണ്ട്. സഹോദരനെ വധിച്ച പാണ്ഡുപുത്രന് സ്വശരീരം കാഴ്ചവയ്‌ക്കേണ്ടിവന്ന ഹിഡിബ്ബയെ ഓര്‍ക്കാതെ മനാലിയില്‍ നിന്ന് മടങ്ങാനാവില്ല. മരത്തില്‍ പണിത അവളുടെ ക്ഷേത്രം കൊടുംതപസ്സിന്റെ ഓര്‍മ്മപ്പെടുത്തലായി ഇവിടെയുണ്ട്.

ദേവദാരുക്കള്‍ പൂക്കാന്‍ മടിച്ചു നില്‍ക്കുന്ന കാട്ടിലെവിടെയോ ഘഠോല്‍ഖജന്റെ അശരീരി മുഴങ്ങുന്നുണ്ടോ.ഇതിഹാസം പാടിപ്പുകഴ്ത്താന്‍ മറന്ന ഹിമാലയന്‍ കാട്ടാളന്‍.ഇന്ദ്രപ്രസ്ഥത്തിന് അവകാശികളിലൊരാളായ ഹിഡിബ്ബി പുത്രന്‍.പുരാണങ്ങളുടെ ഭാണ്ഡക്കെട്ട് മറന്നുവച്ച കല്‍പടവുകളില്‍ ഇപ്പോള്‍ ഇന്ദീവരങ്ങള്‍ പൂക്കാറുണ്ടോ ആവോ. പരമ്പരാഗത വേഷമിട്ട ഹിമാലയന്‍ സ്ത്രീകള്‍ അതിഥികളെക്കാത്ത് നില്‍ക്കുന്ന ദേവദാരുക്കാടുകള്‍. അതിനു നടുവില്‍ കാട്ടു മൃഗങ്ങളുടെ കൊമ്പുകളും തലയോട്ടികളുമെല്ലാം തൂക്കിയിട്ട ഹിഡിബ്ബ ക്ഷേത്രം. രോമാവൃതമായ ശരീരങ്ങളോടെ സഞ്ചാരികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന യാക്കുകളും വെളുത്ത ഹിമ മുയലുകളും.ക•ദവും കുങ്കുമവും കൊണ്ടു നടന്ന് വില്‍ക്കുന്ന പ്രാദേശിക വില്‍പനക്കാര്‍.കൊടും തണുപ്പിലും ഉഷ്ണജലം ചുരത്തുന്ന വശിഷ്ട കുണ്ട്. മനാലിയില്‍ കൗതുകകാഴ്ചകള്‍ക്ക് പഞ്ഞമില്ല.

ദേവദാരുക്കളും പൈന്‍മരങ്ങളും ആകാശം മുട്ടി നില്‍ക്കുന്ന കുന്നുകള്‍ക്കിടയിലൂടെ രോമപ്പുതപ്പ് മൂടിയ ആട്ടിന്‍ പറ്റങ്ങള്‍. ഇടയ•ാരുടെ ജീവിതം കാണാതെ ഹിമാലയന്‍ യാത്രികനു കണ്ണുകള്‍ പായിക്കാനാവില്ല. മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുന്ന പൈന്‍മരത്തിന്റെ ചോട്ടില്‍ നിന്ന് ദൂരക്കാഴ്ചകള്‍ ഒപ്പിയെടുക്കുകയാണ് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അയ്യപ്പന്‍.തിബത്തന്‍ കോളനിയിലെ അഭയാര്‍ഥി ജീവിതങ്ങളാണോ. കൊടും തണുപ്പിനോട് മല്‍സരിക്കുന്ന ഗ്രാമീണ-ഇടയ ജീവിതങ്ങളാണോ ഹിമാലയത്തിന്റെ തനിമ. അയ്യപ്പേട്ടന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പൈന്‍മരചില്ലയില്‍ നിന്ന് ഒരു മഞ്ഞു തുള്ളി ഭൂമിയിലേക്ക് അടര്‍ന്നു. മഞ്ഞിന്റെ നിറക്കാഴ്ചകള്‍ക്ക് അവസരമൊരുക്കിയ പിആര്‍ഡി ഡയറക്ടര്‍ ടി വി സുബാഷ് ഐഎഎസിനെ ഒരു നിമിഷം നന്ദിയോടെ സ്മരിച്ചു.പിന്നെ സംസ്ഥാന സര്‍ക്കാറിനെയും. ഹിമരാശികള്‍ ശുഭ്രസാമ്രാജ്യം തീര്‍ക്കുന്ന ഹിമാലയന്‍ പ്രഭാതത്തിന്റെ കുളിര് ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. ആകലെ നിന്ന് അരിച്ചെത്തിയ ഇടയ ഗീതങ്ങളില്‍ മഞ്ഞിന്റെ സുഗന്ധം. താഴ്‌വരകളില്‍ ആപ്പിള്‍ മരങ്ങള്‍ പൂക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇളം റോസ് നിറത്തിലുള്ള പൂവുകളില്‍ മധു പാരാഗങ്ങള്‍. ബിയാസ് നദിയുടെ ഒഴുക്കിനൊപ്പം മലയിറങ്ങി ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ കുളിര് നിറഞ്ഞിരുന്നു്. ലോകത്തിന്റെ നെറുകയിലെ മഞ്ഞു സാമ്രാജ്യം കീഴടക്കിയ സഞ്ചാരിയുടെ പറഞ്ഞറിയിക്കാനാവാത്ത കുളിര്.


Tags:    

Similar News