കരുത്തോടെ ടോട്ടനം; ചെല്‍സിക്ക് സമനിലപ്പൂട്ട്

Update: 2018-09-23 19:07 GMT

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കൊടുവില്‍ വിജയം കണ്ട് ടോട്ടനം. ബ്രൈറ്റന്റെ തട്ടകമായ അമെക്‌സ് സ്റ്റേഡിയത്ത് വച്ച് നടന്ന മല്‍സരത്തില്‍ അവരെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടോട്ടനം ആശ്വാസജയം നേടിയത്. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഹാം തങ്ങളുടെ തട്ടകത്ത് ചെല്‍സിയെ വിളിച്ചു വരുത്തി ഗോള്‍ രഹിത സമനിലയില്‍ പറഞ്ഞയച്ചു.
സൂപ്പര്‍ താരം ഹാരി കെയ്‌നും എറിക് ലമേലയുമാണ് ടോട്ടനത്തിന് വേണ്ടി വല ചലിപ്പിച്ചത്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ആന്റണി നോക്കാര്‍ട്ടിന്റെ വകയായിരുന്നു ബ്രൈറ്റന്റെ ആശ്വാസഗോള്‍. ജയത്തോടെ ടോട്ടനം ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ ആറ് കളികളില്‍ നിന്ന് നാലു ജയവും രണ്ട് തോല്‍വിയും നേരിട്ട അവര്‍ക്ക് 12 പോയിന്റുണ്ട്. ബ്രൈറ്റന്‍ 13ാം സ്ഥാനത്താണ്.
മുന്നേറ്റത്തില്‍ കെയിനെ തനിച്ച് നിര്‍ത്തി കോച്ച് മൗറീഷ്യസ് പൊച്ചെറ്റീനോ ടോട്ടനത്തെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ 4-1-4-1 എന്ന ഫോര്‍മാറ്റിലാണ് ബ്രൈറ്റന്‍ തങ്ങളുടെ ആരാധകരുടെ മുന്നില്‍ അണി നിരന്നത്. കളിയില്‍ ടോട്ടനത്തിന് തന്നെയായിരുന്നു ആധിപത്യം. 72 ശതമാനം സമയത്തും പന്തടക്കി വച്ച ടോട്ടനം 16 തവണയാണ് എതിര്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്. ഇതില്‍ ഏഴെണ്ണം വല ലക്ഷ്യമായി പാഞ്ഞു.
ഗോള്‍ രഹിതമായി നീങ്ങിയിരുന്ന മല്‍സരത്തിലെ 42ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യമാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. ബ്രൈറ്റന്‍ പെനല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് മുന്നേറ്റ താരം ഗ്ലെന്‍ മുറേയ്‌ക്കെതിരേ ഹാന്‍ഡ്‌ബോള്‍ വിധിച്ചു. അതോടെ ടോട്ടനത്തിന് അനുകൂലമായി പെനല്‍റ്റിയും വന്നു. പെനല്‍റ്റിയെടുത്ത ഹാരി കെയ്‌ന് പിഴച്ചില്ല. പന്ത് വലയില്‍. 64ാം മിനിറ്റില്‍ ഷെയിന്‍ ഡുഫിയിലൂടെ ബ്രൈറ്റന്‍ സമനില നേടിയെങ്കിലും ഓഫ് സൈഡ് കാരണം ഗോള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 76ാം മിനിറ്റില്‍ ഡാനി റോസിന്റെ പാസില്‍ ലമേലയും ഗോള്‍ നേടിയതോടെ 2-0ന്റെ ജയവുമായി ടോട്ടനം ബ്രൈറ്റനില്‍ നിന്നും വിട്ടു.
Tags:    

Similar News