ടിപ്പു ഹിന്ദുവായിരുന്നെങ്കില്‍ ആദരിക്കപ്പെടുമായിരുന്നു: ഗിരീഷ് കര്‍ണാട്

Update: 2015-11-11 06:30 GMT
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ഹിന്ദുവായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിക്കെന്നതു പോലെ ആദരവു ലഭിക്കുമായിരുന്നെന്ന് ജ്ഞാനപീഠം ജേതാവും പ്രശസ്ത കന്നട നാടകകൃത്തുമായ ഗിരീഷ് കര്‍ണാട്.
കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗല്‍രു അന്താരാഷ്ട്ര വിമാനത്താവളത്തിന് കേംപഗൗഡയ്ക്കു പകരം ടിപ്പു സുല്‍ത്താന്റെ പേരാണ് ഏറ്റവും അനുയോജ്യമെന്നും കര്‍ണാട് പറഞ്ഞു. കേംപ ഗൗഡ മഹാനാണ്. ബംഗളൂരീന്റെ സ്ഥാപകനുമാണ്. എന്നാല്‍, അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയായിരുന്നില്ല, ഫ്യൂഡല്‍ ഭരണാധികാരിയായിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം സുഭാഷ് ചന്ദ്രബോസിന്റെ നാമത്തിലും മുംബൈ വിമാനത്താവളം ശിവജി മഹാരാജിന്റെ പേരിലുമാണറിയപ്പെടുന്നത്. തന്റെ അഭിപ്രായം വിവാദമാവുമെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പണ്ഡിതന്‍മാരും രാഷ്ട്രീയക്കാരും ഒരു മതത്തിനും ജാതിക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇത്തരം വിലയിരുത്തലാണ് ടിപ്പുവിനോട് അനീതി ചെയ്തത്.
ഇന്നു ദീപാവലിയും ടിപ്പുസുല്‍ത്താന്‍ ദിനവുമാണാഘോഷിക്കുന്നത്. കൂടെ ഇന്ന് ബിഹാര്‍ ദിനം കൂടിയായി നമുക്ക് ആഘോഷിക്കാം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി സൂചിപ്പിച്ചു കൊണ്ടാണ് ബിഹാര്‍ ദിനമെന്ന് കര്‍ണാട് പറഞ്ഞത്.
ചടങ്ങില്‍ സംബന്ധിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഒരു വ്യക്തിയെ കാണുന്നത് മതത്തിലൂടെയോ ജാതിയിലൂടെയോ അല്ലെന്നും പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം നാടിനും ജനങ്ങള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളിലൂടെയാണെന്നും അഭിപ്രായപ്പെട്ടു.
കനത്ത സുരക്ഷയിലാണ് ചടങ്ങു നടന്നത്. സംസ്ഥാന വ്യാപകമായി നടന്ന ചടങ്ങുകള്‍ ബിജെപി ബഹിഷ്‌കരിച്ചിരുന്നു. ടിപ്പു മതഭ്രാന്തനാണെന്നും കന്നട വിരുദ്ധനാണെന്നും ആരോപിച്ചായിരുന്നു ബിജെപിയുടെ ബഹിഷ്‌കരണം.

Similar News