ഇന്റര്‍നെറ്റ് ഇല്ലാതെയും റീലുകള്‍ കാണാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

Update: 2026-03-26 10:35 GMT

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വലിയ പങ്ക് വഹിക്കുന്ന റീലുകള്‍ ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിലും കാണാനാകുന്ന സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടങ്ങളില്‍ റീലുകള്‍ ലോഡ് ചെയ്യാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനപ്രകാരം, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ സമയങ്ങളില്‍ റീലുകള്‍ സ്വമേധയാ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാകും. തുടര്‍ന്ന് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ഈ ഡൗണ്‍ലോഡ് ചെയ്ത റീലുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും.

ഓഫ്‌ലൈന്‍ ഉപയോഗത്തിനായി 10, 30, 50 റീലുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകള്‍ ലഭ്യമാകാനാണ് സാധ്യത. കൂടാതെ, ഡൗണ്‍ലോഡ് ചെയ്ത റീലുകള്‍ സാധാരണ ഫീഡില്‍ തന്നെ കാണണമോ, അതോ പ്രത്യേകമായ ഒരു വിഭാഗത്തിലൂടെ കാണണമോ എന്നതും ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും. 'manage offline downloads' എന്ന പുതിയ സജ്ജീകരണത്തിലൂടെയാണ് ഈ ഫീച്ചര്‍ നിയന്ത്രിക്കാന്‍ കഴിയുക. ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാക്കുന്നതിനുള്ള ടോഗിളും, ഡൗണ്‍ലോഡുകള്‍ വൈഫൈ കണക്ഷനിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തുന്നുമാണ് റിപോര്‍ട്ടുകള്‍.

Tags: