എഐയിലേക്ക് ചുവടുമാറ്റം; മെറ്റയില്‍ 8,000 പേര്‍ക്ക് ജോലി നഷ്ടമാകും

Update: 2026-04-18 06:33 GMT

കാലഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ ഈ വര്‍ഷത്തെ ആദ്യഘട്ട പിരിച്ചുവിടല്‍ മെയ് 20ന് ആരംഭിക്കുമെന്ന് റിപോര്‍ട്ട്. ആഗോളതലത്തില്‍ ജീവനക്കാരുടെ ഏകദേശം പത്തു ശതമാനമാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കാന്‍ സാധ്യതയെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം പകുതിയോടെ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഉണ്ടാകുന്ന പുരോഗതി അനുസരിച്ചായിരിക്കും തുടര്‍നടപടികളുടെ വ്യാപ്തി.

സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എഐ അധിഷ്ഠിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്യുന്നു. 'മെറ്റ സ്‌മോള്‍ ബിസിനസ്' വിഭാഗത്തിലേക്കും ജീവനക്കാരെ മാറ്റുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരെയും എഞ്ചിനീയര്‍മാരെയുമാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. കോഡിങ് ജോലികള്‍ വരെ നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയില്‍ എഐ സാങ്കേതികവിദ്യ വളര്‍ന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

മെറ്റാവേഴ്‌സ് വിഭാഗമായ റിയാലിറ്റി ലാബ്‌സിലും വലിയ തോതിലുള്ള പുനസംഘടന നടക്കുന്നതായാണ് വിവരം. മെറ്റയ്ക്ക് പുറമെ ആമസോണ്‍, ബ്ലോക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളും ഈ വര്‍ഷം വന്‍തോതില്‍ പിരിച്ചുവിടലുകള്‍ നടത്തിയിട്ടുണ്ട്. കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനാണ് കമ്പനികളുടെ നീക്കം. കഴിഞ്ഞ വര്‍ഷം 60 ബില്യണ്‍ ഡോളര്‍ ലാഭം നേടിയ മെറ്റ സാമ്പത്തിക പ്രതിസന്ധി മൂലമല്ല, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 2022-23 കാലയളവില്‍ 21,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. നിലവില്‍ 79,000 ജീവനക്കാരാണ് മെറ്റയില്‍ ജോലി ചെയ്യുന്നത്.

layoffs.fyi കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ പകുതിവരെ ആഗോളതലത്തില്‍ 73,000ത്തിലധികം ഐടി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ടെക് മേഖലയിലെ തൊഴില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: