കൗമാരക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ; ഇന്‍സ്റ്റഗ്രാമില്‍ കര്‍ശന നിയന്ത്രണങ്ങള്‍

Update: 2026-04-12 11:37 GMT

ന്യൂഡല്‍ഹി: കൗമാരക്കാരുടെ ഓണ്‍ലൈന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഇന്‍സ്റ്റഗ്രാം പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ മാത്രമേ ലഭ്യമാകൂ എന്നുറപ്പാക്കുന്നതാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. പുതുക്കിയ ക്രമീകരണങ്ങള്‍ പ്രകാരം, 18 വയസ്സില്‍ താഴെയുള്ള എല്ലാ അക്കൗണ്ടുകളും സ്വയമേ 13+ ഉള്ളടക്ക സെറ്റിങ്ങിലേക്ക് മാറ്റപ്പെടും. ഈ ക്രമീകരണം കൗമാരക്കാര്‍ക്ക് സ്വമേധയാ മാറ്റാന്‍ സാധിക്കില്ല. മാറ്റം വരുത്താന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണെന്ന് കമ്പനി അറിയിച്ചു.

മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, അപകടകരമായ സ്റ്റണ്ടുകള്‍, അശ്ലീല സൂചനകളുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ ഇനി കൗമാരക്കാരുടെ ഫീഡിലും റീല്‍സിലും സെര്‍ച്ച് ഫലങ്ങളിലും പ്രത്യക്ഷപ്പെടില്ല. കൂടാതെ, ഇത്തരം ഉള്ളടക്കം പങ്കിടുന്ന അക്കൗണ്ടുകളുമായി കൗമാരക്കാരുടെ ഇടപെടലും നിയന്ത്രിക്കും. ലഹരിപാനീയങ്ങളും കഞ്ചാവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്കും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സിനിമാ സെന്‍സര്‍ മാനദണ്ഡങ്ങളെ അനുസരിച്ചുള്ള ഫില്‍റ്ററിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതിനായി 'ലിമിറ്റഡ് കണ്ടന്റ്' മോഡും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കുട്ടികളുടെ കമന്റുകള്‍, ഇടപെടലുകള്‍ എന്നിവ നിയന്ത്രിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഈ പുതിയ സംവിധാനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

Tags: